TopTop
Begin typing your search above and press return to search.

കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഡേവ് വാട്ട്മോര്‍ ഇനി ബറോഡയുടെ പരിശീലകന്‍

കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഡേവ് വാട്ട്മോര്‍ ഇനി ബറോഡയുടെ പരിശീലകന്‍

കേരള രഞ്ജി ക്രിക്കറ്റ് ടീം പരിശീലകനായ ഓസ്ട്രേലിയന്‍ പരിശീലകന്‍ ഡേവ് വാട്ട്മോര്‍ ബറോഡ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ടു. അടുത്ത സീസണിലായിരിക്കും ബറോഡ ടീമിനെ വാട്ട്മോര്‍ പരിശീലിപ്പിക്കുക. ഡേവ് വാട്ട്‌മോര്‍ കഴിഞ്ഞ മൂന്ന് സീസണുകളില്‍ കേരള ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചിരുന്നു. ഞായറാഴ്ച വാട്ട്മോറുമായി കരാറില്‍ ഏര്‍പപ്പെട്ടതായി ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അജിത് ലെലെ സ്ഥിരീകരിച്ചു. രഞ്ജി ട്രോഫി ടീമിന്റെ പരിശീലകനും ഡയറക്ടറുമായിരിക്കും വാട്ടമോര്‍ എന്ന് ലെലെ അറിയിച്ചിട്ടുണ്ട്.

ബറോഡയുടെ അണ്ടര്‍ 23, അണ്ടര്‍ 19, അണ്ടര്‍ 16 ടീമുകള്‍ക്കും ഓസ്ട്രേലിയന്‍ പരിശീലകന്റെ സഹായമുണ്ടാകും. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. 2008ല്‍ ഇന്ത്യ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ അണ്ടര്‍ 19 ലോകകപ്പ് നേടുമ്പോള്‍ വാട്ട്മോര്‍ ആയിരുന്നു പരിശീലകന്‍. 1996ല്‍ ശ്രീലങ്കയെ ലോക ചാമ്പ്യന്മാരാക്കിയതോടെയാണ് വാട്ട്മോര്‍ ശ്രദ്ധേയനായത്. ലോകകിരീടം നേടാന്‍ സാധ്യതയില്ലാതിരുന്ന ശ്രീലങ്കയെ ഏവരേയും അത്ഭുതപ്പെടുത്തി കിരീട നേട്ടത്തിലെത്തിക്കുകയും ദ്വീപ് രാഷ്ട്രത്തെ ലോക നിലവാരത്തിലുളള ടീമാക്കി മാറ്റുകയും ചെയ്തതില്‍ വാട്ട്മോര്‍ പ്രധാന പങ്കാണ് വഹിച്ചത്. ശ്രീലങ്കയെക്കൂടാതെ പാകിസ്ഥാന്‍,ബംഗ്‌ളാദേശ്, സിംബാബ്വെ തുടങ്ങിയ ദേശീയ ടീമുകളെയും ഐ.പി.എല്‍ ടീം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും വാട്ട്‌മോര്‍ പരിശീലിപ്പിച്ചിട്ടുണ്ട്. കേരളത്തിലെത്തിയ ആദ്യ സീസണില്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിലും രണ്ടാം സീസണില്‍ സെമിയിലുമെത്തിച്ച് വാട്ട്‌മോര്‍ വിസ്മയം സൃഷ്ടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കേരളം രഞ്ജിയില്‍ നോക്കൗട്ട് കടക്കാതെ പുറത്തായിരുന്നു.

Next Story

Related Stories