TopTop
Begin typing your search above and press return to search.

48 മണിക്കൂറിനിടെ ദീപക് ചാഹറിന് രണ്ടാം ഹാട്രിക്; അതും തിരുവനന്തപുരത്തെ മണ്ണില്‍

48 മണിക്കൂറിനിടെ ദീപക് ചാഹറിന് രണ്ടാം ഹാട്രിക്; അതും തിരുവനന്തപുരത്തെ മണ്ണില്‍

ബംഗ്ലാദേശിനെതിരായ അവസാന ട്വെന്റി 20യില്‍ ഹാട്രിക് നേടിയ ദീപക് ചാഹറിന് 48 മണിക്കൂറിനിടെ രണ്ടാം ഹാട്രിക്. സയ്ദ് മുഷ്താഖ് അലി ട്രോഫിയിലാണ് ദീപക് തുടര്‍ച്ചയായ രണ്ടാം ഹാട്രിക് നേടിയത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ നേട്ടമെന്ന പ്രത്യേകത കൂടിയുണ്ട്.

ഹാട്രിക്ക് ഉള്‍പ്പെടെ ദീപക് നാല് വിക്കറ്റാണ് എടുത്തത്. രാജസ്ഥാന് വേണ്ടി കളിക്കുന്ന ദീപക് ഗ്രൂപ്പ് ബിയില്‍ വിദര്‍ഭയ്‌ക്കെതിരെയാണ് നേട്ടം കൊയ്തത്. ടോസ് നേടിയ വിദര്‍ഭയാണ് ആദ്യം ബാറ്റ് ചെയ്തത്. എന്നാല്‍ മൂന്ന് ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ദീപകിന്റെ മികവില്‍ വിദര്‍ഭ 99 റണ്‍സിന് 9 വിക്കറ്റ് എന്ന അവസ്ഥയിലെത്തി. അവസാന ഓവറില്‍ ഹാട്രിക് തികയ്ക്കുന്ന പതിവ് ദീപക് ഇവിടെയും മാറ്റിയില്ല. പതിമൂന്നാം ഓവറില്‍ തന്നെയാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.

നാലാം പന്തില്‍ ദര്‍ശന്‍ നല്‍കണ്ടെയും പിന്നീടുള്ള പന്തുകളില്‍ ശ്രികാന്ത വാഗും അക്ഷയ് വദ്കറുമാണ് പുറത്തായത്. മഴനിയമപ്രകാരം 13 ഓവറില്‍ 105 റണ്‍സ് എടുക്കേണ്ടിയിരുന്ന രാജസ്ഥാന്‍ ഒരു റണ്‍സിന് തോല്‍ക്കുകയും ചെയ്തു. ഞായറാഴ്ച ചാഹറിന്റെ ആദ്യ രാജ്യാന്തര ഹാട്രിക്കില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ മുപ്പത് റണ്‍സിന് ജയിച്ചിരുന്നു. 2-1ന് പരമ്പരയും ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമായി. ഏഴ് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയ ചാഹര്‍ രാജ്യാന്തര ട്വെന്റി 20യിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനുമായി. 2012ല്‍ സിംബാബ്വേയ്‌ക്കെതിരെ എട്ട് റണ്‍സിന് ആറ് വിക്കറ്റ് നേടിയ ശ്രീലങ്കയുടെ അജന്ത മെന്‍ഡിസിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

ഞായറാഴ്ചത്തെ മത്സരത്തില്‍ ബംഗ്ലാദേശിന്റെ അമിനുല്‍ ഇസ്ലാം, ഷഫിയുല്‍ ഇസ്ലാം, മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവരാണ് ചാഹറിന്റെ തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ പുറത്തായത്. ഇതോടെ ട്വെന്റി 20യില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകാനും ചാഹറിനായി.

Next Story

Related Stories