TopTop
Begin typing your search above and press return to search.

പരിശീലകന് ശമ്പളമില്ല, കളിക്കാരെയും വഞ്ചിച്ചു; ഹൈദരാബാദ് എഫ്.സിക്കെതിരെ ഗുരുതര പരാതി

പരിശീലകന് ശമ്പളമില്ല, കളിക്കാരെയും വഞ്ചിച്ചു; ഹൈദരാബാദ് എഫ്.സിക്കെതിരെ ഗുരുതര പരാതി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബ് ഹൈദരാബാദ് എഫ്.സി വേതനം നല്‍കിയില്ലെന്നു കാണിച്ച് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് പരിശീലകന്റെയും കളിക്കാരുടെയും പരാതി നല്‍കി. അവസാന മൂന്നുമാസത്തെ ശമ്പളം ഇതുവരെ നല്‍കിയില്ലെന്ന് കാണിച്ച് വിദേശ താരങ്ങളടക്കം ചിലരും മുഴുവന്‍ പ്രതിഫലം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ പരിശീലകന്‍ ഫില്‍ ബ്രൗണുമാണ് എ.ഐ.എഫ്.എഫിന് പരാതി നല്‍കിയത്. അവധികള്‍ പല പ്രവശ്യം പറഞ്ഞിട്ടും ക്ലബ് വേതനം തന്നില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

'രണ്ട് മൂന്ന് മാസം വൈകിയാണ് പ്രതിഫലം ലഭിക്കാറുള്ളത്. പുതിയ ടീമെന്ന നിലയില്‍ അത് മനസിലാക്കാം. എന്നാല്‍ പറഞ്ഞ എല്ലാ അവധികളും കഴിഞ്ഞിരിക്കുന്നു. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഇടപാട് നടക്കുന്നില്ലെന്നാണ് പറയുന്നത്. ബാങ്കുകള്‍ തുറന്നിരിക്കുന്നതും സാധരണപോലെ പ്രവര്‍ത്തിക്കുന്ന വിവരവും ഞങ്ങള്‍ക്കറിയാം' പരാതി ഉന്നയിച്ച ഹൈദരാബാദ് താരം പറഞ്ഞു.

അതേസമയം ഫില്‍ ബ്രൗണിന്റെയും കളിക്കാരുടെയും കത്ത് ലഭിച്ചെന്നും ഹൈദരാബാദ് എഫ്.സിയുമായി ബന്ധപ്പെട്ടപ്പോള്‍ സമയം ആവശ്യപ്പെട്ടതായും എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. ക്ലബ് തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ് അധികൃതരും എ.ഐ.എഫ്.എഫുമായും കൂടിയാലോചിച്ച ശേഷം ഉചിതമായ സമയത്ത് വിഷയത്തില്‍ പ്രതികരിക്കുമെന്ന് ഹൈദരാബാദ് എഫ്.സി ചീഫ് ഓപറേറ്റിങ് ഓഫിസര്‍ നിതിന്‍ പന്ത് വ്യക്തമാക്കി.

ജനുവരി 10ന് ചെന്നൈയിന്‍ എഫ്.സിയോട് 1-3ന് പരാജയപ്പെട്ടതിന് പിന്നാലെ പ്രീമിയര്‍ ലീഗില്‍ ഹള്‍ സിറ്റി, ഡര്‍ബി കൗണ്ടി, ബോള്‍ട്ടണ്‍ വാണ്ടറേഴ്സ് എന്നീ ക്ലബുകളെ പരിശീലിപ്പിച്ച ബ്രൗണിനെ ഹൈദരാബാദ് പുറത്താക്കിയിരുന്നു. എന്നാല്‍ 10 മാസത്തെ കരാര്‍ പൂര്‍ത്തിയാവാത്തതിനാല്‍ മേയ് വരെയുള്ള പ്രതിഫലം ഇദ്ദേഹത്തിന് കൊടുക്കാനുണ്ടെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്.

Next Story

Related Stories