അടുത്ത ഐപിഎല്‍ സീസണിലും എം.എസ് ധോനി ചെന്നെ സൂപ്പര്‍ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിലുണ്ടാകും. സീസണിലെ അവസാന മത്സരത്തിന്റെ ടോസിന് എത്തിയപ്പോഴാണ് ധോനി ഇക്കാര്യം അറിയിച്ചത്. ടോസിനു പിന്നാലെ, കിംഗ്സ് ഇലവന് പഞ്ചാബുമായുള്ള മത്സരം ചെന്നൈയ്ക്കുവേണ്ടിയുള്ള അവസാന മത്സരമാകുമോയെന്ന കമന്റേറ്റര്‍ ഡാനി മോറിസണ്‍ ധോനിയോടു ചോദിച്ചു. തീര്‍ച്ചയായും അല്ല എന്നായിരുന്നു ധോനിയുടെ മറുപടി. സീസണില്‍ ചെന്നൈയുടെ ഏറ്റവും മോശം പ്രകടനത്തില്‍ നിരാശരായ ചെന്നൈയുടെയും തലയുടെയും ആരാധകര്‍ക്ക് ഏറെ ആശ്വാസവും സന്തോഷവും നല്‍കുന്നതാണ് ധോനിയുടെ മറുപടി.
ലോകകപ്പിനു പിന്നാലെ ക്രിക്കറ്റില്‍നിന്ന് വിട്ടുനിന്ന ധോനി ആഗസ്റ്റിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. പിന്നാലെ ഐപിഎല്‍ മത്സരത്തിനെത്തിയെങ്കിലും 13 മത്സരങ്ങളില്‍ നിന്ന് 116.27 സ്ട്രൈക്ക് റേറ്റില്‍ 200 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ദീര്‍ഘകാലം ക്രിക്കറ്റില്‍നിന്ന് വിട്ടുനിന്നത് ധോനിയുടെ പ്രകടനത്തെ ഉള്‍പ്പെടെ ബാധിച്ചിരുന്നു.