ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ചരിത്രത്തിലെ ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്കെ). ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ആരാധകരുള്ള ചെന്നൈ നായകന് എംഎസ് ധോണി വലിയ ആരാധക പിന്തുണയുള്ള താരമാണ്.ഐപിഎല്‍ 2020 ലെ സീസണില്‍ സിഎസ്കെയുടെ പ്രകടനങ്ങള്‍ മുന്‍ സീസണുകളെ അപേക്ഷിച്ച് മോശപ്പെട്ടതാണെങ്കിലും . ധോണിയോടും ടീമിനോടുമുള്ള ആരാധന പ്രകടിപ്പിക്കുന്നതില്‍ ആരാധകര്‍ ഒട്ടും പിന്നിലല്ല.
അടുത്തിടെ, തമിഴ്നാട്ടിലെ അരങ്ങൂരിലെ ഒരു ധോണി ആരാധകന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ ആദരവ് അര്‍പ്പിക്കാന്‍ തന്റെ വീട് മുഴുവന്‍ മഞ്ഞ നിറത്തില്‍ പെയിന്റ് ചെയ്തു. മുന്‍വശത്തെ ഭിത്തിയില്‍ ധോണിയുടെ ഛായാചിത്രങ്ങള്‍ക്കൊപ്പം സിഎസ്കെയുടെ തീമിന് അനുസൃതമായി വീട് മഞ്ഞനിറത്തിലും പെയിന്റടിച്ചു. സിഎസ്കെ ലോഗോ വശത്തെ ചുവരുകളിലും 'ഹോം ഓഫ് ധോണി ഫാന്‍' എന്ന സന്ദേശത്തോടെ വാതിലിനു മുകളിലും എഴുതി.
തമിഴ്നാട്ടിലെ കടലൂര്‍ നിവാസിയായ ഗോപി കൃഷ്ണനാണ് ധോണിയോടുള്ള ആരാധനയാല്‍ വീടിന് മഞ്ഞ തീം നല്‍കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സിഎസ്കെ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ചിത്രങ്ങള്‍ പങ്കിട്ടു. ഇന്ത്യാ ടുഡേയിലെ റിപ്പോര്‍ട്ട് അനുസരിച്ച്, തമിഴ്നാട്ടില്‍ നിന്നുള്ള ഈ ആരാധകര്‍ 1.5 ലക്ഷം രൂപ ചെലവഴിച്ചാണ് തന്റെ വീടിന് സിഎസ്കെയുടെ നിറങ്ങള്‍ നല്‍കിയത്. തമിഴ്നാട്ടില്‍ നിന്നുള്ളയാളാണെങ്കിലും ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്ന ഗോപിക്ക് ഐപിഎല്‍ 2020 മത്സരങ്ങള്‍ സ്റ്റേഡിയങ്ങളില്‍ തത്സമയം കാണാന്‍ കഴിയാത്തതിന്റെ നിരാശയാണ്.
''ധോണി കളിക്കുന്നത് നേരിട്ട് കാണാന്‍ കഴിയാത്തതില്‍ ഞാന്‍ നിരാശനാണ്, കുറെ പേര് ധോണിയെ നന്നായി കളിക്കുന്നില്ലെന്ന് വിമര്‍ശിക്കുന്നു. അദ്ദേഹത്തെ എന്ത് തന്നെ സംഭവിച്ചാലും പിന്തുണയ്ക്കും, അത് വിജയത്തിലായാലും തോല്‍വിയിലായാലും ആരാധകന് ''ഇന്ത്യാ ടുഡേയോട് പറഞ്ഞു.