TopTop
Begin typing your search above and press return to search.

ധോണി ടി20 ലോകകപ്പ് കളിക്കും; ഡ്വെയ്ന്‍ ബ്രാവോയുടെ പ്രവചനം പറയുന്നു

ധോണി ടി20 ലോകകപ്പ് കളിക്കും; ഡ്വെയ്ന്‍ ബ്രാവോയുടെ പ്രവചനം പറയുന്നു

മുന്‍ വിന്‍ഡീസ് നായകനും ഓള്‍റൗണ്ടറുമായ ഡ്വെയ്ന്‍ ബ്രാവോ വിരമിക്കല്‍ തീരുമാനം മാറ്റി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുകയാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം താരം അറിയിച്ചിരുന്നു. ടി20 ലോകകപ്പ് കളിക്കാനാകുമെന്നാണ് ബ്രാവോ വ്യക്തമാക്കിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായ ബ്രാവോ സഹതാരവും ഇന്ത്യന്‍ മുന്‍ നായകനുമായ എം എസ് ധോണിയും ലോകകപ്പിനുണ്ടാകും എന്നും അഭിപ്രായപ്പെട്ടു.

'ധോണി ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ ധോണി ടി20 ലോകകപ്പിനുണ്ടാകും എന്നാണ് കരുതുന്നത്. ക്രിക്കറ്റിന് പുറത്തുള്ള കാര്യങ്ങള്‍ ധോണിയെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. അതുതന്നെയാണ് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളതും. ഒരിക്കലും പരിഭ്രാന്തരാകരുതെന്നും സ്വന്തം കഴിവില്‍ വിശ്വസിക്കണമെന്നുമാണ് ധോണി ഞങ്ങളോട് പറഞ്ഞിട്ടുള്ളത്' എന്നും ബ്രാവോ പറഞ്ഞു. 2019ലെ ഏകദിന ലോകകപ്പില്‍ കളിച്ച ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി ഇന്ത്യക്കായി കളിക്കാനിറങ്ങിയിട്ടില്ല. ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ചും അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ബ്രാവോയുടെ പ്രതികരണം.

മൈതാനത്തിന് പുറത്തുള്ള രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്നാണ് താന്‍ വിന്‍ഡീസ് ടീമിന് പുറത്ത് പോയതെന്ന് ബ്രാവോ വ്യക്തമാക്കി. മൈതാനത്തും ബോര്‍ഡിലും മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. പ്രതിഭാസമ്പന്നമായ യുവ നിരയാണ് ടീമിനുള്ളത്. സീനിയര്‍ താരങ്ങളുടെ കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ വീണ്ടും വിന്‍ഡീസ് ലോകോത്തര ടീമാകും. വിന്‍ഡീസ് ടീമിലേക്ക് മടങ്ങിയെത്താന്‍ ആഗ്രിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ചും ബ്രാവോ സംസാരിച്ചു. ശാരീരികമായി ഇപ്പോഴും ഫിറ്റാണ്, അതിനാല്‍ ടീമിന് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും ബ്രാവോ പറഞ്ഞു.

Next Story

Related Stories