TopTop
Begin typing your search above and press return to search.

ആന്‍ഫീല്‍ഡില്‍ ഗോള്‍ മഴ; ആഴ്സണലിനെ മറികടന്ന് ലിവര്‍പൂളിന് ജയം

ആന്‍ഫീല്‍ഡില്‍ ഗോള്‍ മഴ; ആഴ്സണലിനെ മറികടന്ന് ലിവര്‍പൂളിന് ജയം

ഇഎഫ്എല്‍ കപ്പില്‍ ലിവര്‍പൂളും ആഴ്സണലും തമ്മില്‍ നടന്ന മത്സരത്തില്‍ ഗോള്‍ മഴ. പത്ത് ഗോളുകളാണ് മത്സരത്തില്‍ പിറന്നത്. ഇരു ടീമുകളും 5 വീതം ഗോളുകള്‍ നേടിയ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ ആണ് ലിവര്‍പൂള്‍ ജയം കണ്ടത്. ആദ്യം പകുതിയില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ആഴ്സണലായിരുന്നു മുന്നിലെത്തിയത്. എന്നാല്‍ ഷൂട്ടൗട്ടില്‍ നാലിനെതിരേ അഞ്ച് ഗോളിന് ലിവര്‍പൂള്‍ ജയം പിടിച്ച് വാങ്ങി. സെബല്ലോയുടെ ഷോട്ട് തടഞ്ഞ ഗോള്‍കീപ്പര്‍ കെല്ലെറാണ് ലിവര്‍പൂളിന് ജയം സമ്മാനിച്ചത്.

അഞ്ചാം മിനിറ്റില്‍ മുസ്തഫിയുടെ സെല്‍ഫ് ഗോളില്‍ ലിവര്‍പൂളാണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് ഒരിക്കല്‍ പോലും മത്സരത്തില്‍ ലിവര്‍പൂളിന് ലീഡെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പത്തൊന്‍പതാം മിനിറ്റില്‍ ടൊറെയ്റയാണ് ആഴ്സണലിനെ ഒപ്പമെത്തിച്ചത്. 26, 36 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് മാര്‍ട്ടിനെല്ലി ആഴ്സണലിന്റെ ലീഡുയര്‍ത്തി. സീസണില്‍ തന്റെ 7 മത്തെ ഗോള്‍ ആണ് മാര്‍ട്ടിനെല്ലി നേടിയത്. എന്നാല്‍ ആദ്യ പകുതിയുടെ 43 മിനിറ്റില്‍ മാര്‍ട്ടിനെല്ലി വഴങ്ങിയ പെനാല്‍ട്ടി ലക്ഷ്യം കണ്ട ജെയിംസ് മില്‍നര്‍ ലിവര്‍പൂളിനായി ഒരു ഗോള്‍ മടക്കി.

അമ്പത്തിനാലാം മിനിറ്റില്‍ മൈറ്റ്ലാന്‍ഡ് വീണ്ടും ആഴ്സണലിന്റെ ലീഡുയര്‍ത്തി. 58-ാം മിനിറ്റില്‍ ഓക്സ്ലെയ്ഡ് ചേംബര്‍ലെയ്ന്‍ ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ വലയിലാക്കി. 62-ാം മിനിറ്റില്‍ ഒറിഗി അവരെ ഒപ്പമെത്തിച്ചു. എന്നാല്‍ എഴുപതാം മിനിറ്റില്‍ വില്ലോക് വീണ്ടും ആഴ്സണലിന് ലീഡ് സമ്മാനിച്ചു. ആഴ്സണല്‍ ജയം ഉറപ്പിച്ചിരിക്കെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ വല കുലുക്കിയാണ് ഒറിഗി ലിവര്‍പൂളിന് വിലപ്പെട്ട സമനില സമ്മാനിച്ചത്. പിന്നീട് പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ നാലാം ഷോട്ട് എടുത്ത പകരക്കാരനായി ഇറങ്ങിയ ഡാനി സെബയോസിന്റെ കിക്ക് തടുത്ത യുവ ലിവര്‍പൂള്‍ കീപ്പര്‍ അവര്‍ക്ക് ജയം സമ്മാനിച്ചു.

ചെല്‍സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ ഇരട്ട ഗോളാണ് യുണൈറ്റഡിനെ തുണച്ചത്. 25-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. മാര്‍ക്കസ് അലോണ്‍സോ ഡാനിയല്‍ ജെയിംസിനെ ഫൗള്‍ ചെയ്തതിന് കിട്ടിയതായിരുന്നു പെനാല്‍റ്റി. അറുപത്തിയൊന്നാം മിനിറ്റില്‍ ബാത്ഷ്വായ് ഗോള്‍ മടക്കിയെങ്കലും 73-ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ട് റാഷ്ഫോര്‍ഡ് ടീമിന് ജയം സമ്മാനിച്ചു. മനോഹരമായ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. വോള്‍വര്‍ഹാംപ്ടണ്‍ വാന്‍ഡറേഴ്സിനെ തോല്‍പിച്ച് ആസ്റ്റണ്‍ വില്ലയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു വില്ലയുടെ ജയം.


Next Story

Related Stories