TopTop
Begin typing your search above and press return to search.

'പീറ്റേഴ്സന്റെ ഐപിഎല്‍ കരാറില്‍ സഹതാരങ്ങള്‍ അസൂയപ്പെട്ടു, ഇംഗ്ലീഷ് ടീമില്‍ നിന്ന് പുത്താക്കി'; മൈക്കല്‍ വോണ്‍ പറയുന്നു

പീറ്റേഴ്സന്റെ ഐപിഎല്‍ കരാറില്‍ സഹതാരങ്ങള്‍ അസൂയപ്പെട്ടു, ഇംഗ്ലീഷ് ടീമില്‍ നിന്ന് പുത്താക്കി; മൈക്കല്‍ വോണ്‍ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ വലിയ വിജയങ്ങളില്‍ നിര്‍ണായകമായ താരമായിരുന്നു കെവിന്‍ പീറ്റേഴ്സണ്‍. ജന്മം കൊണ്ട് ദക്ഷിണാഫ്രിക്കക്കാരനായിരുന്നെങ്കിലും പീറ്റേഴ്സണ്‍ ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.താരത്തിന്റെ അമ്മ ഇംഗ്ലണ്ട് കാരിയായിരുന്നു. ഇംഗ്ലീഷ് ക്രിക്കറ്റില്‍ എത്തിയ താരം മികച്ച കളിക്കാരുടെ നിലയിലേക്ക് ഉയരുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ആഷസ് വിജയങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം, ഇംഗ്ലണ്ട് 2010 ഐസിസി ടി20 ലോകകപ്പ് വിജയത്തിലും 2012 ല്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് സീരീസ് വിജയത്തിലും നിര്‍ണായക താരമായി. പരിമിത ഓവര്‍ ക്രിക്കറ്റിലെ മറ്റേതൊരു ഇംഗ്ലീഷ് ബാറ്റ്‌സ്മാനേക്കാളും മൈലുകള്‍ മുന്നിലാണ് പീറ്റേഴ്സണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഒരു വലിയ തുകയ്ക്കാണ് താരത്തെ നേടിയത്.

എന്നാല്‍ കെവിന്‍ പീറ്റേഴ്‌സണ്‍ന്റെ ഐ.പി.എല്‍ കരാറില്‍ സഹതാരങ്ങള്‍ക്ക് അസൂയ ഉണ്ടായിരുന്നെന്നാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പറയുന്നത്. ഉയര്‍ന്ന പണം മുടക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പീറ്റേഴ്‌സണെ ടീമിലെടുത്തതായിരുന്നു താരങ്ങളുടെ അതൃപ്തിക്ക് കാരണം. ഇതു പിന്നീട് ടീമിനുള്ളില്‍ മുറുമുറുപ്പുകളായി ഉയരുകയും പീറ്റേഴ്‌സണ്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയെന്നും വോണ്‍ വ്യക്തമാക്കുന്നു.

ഡ്രസ്സിങ് റൂമില്‍ പലപ്പോഴും ഇതു ചര്‍ച്ചാവിഷയമായി. പണത്തിന് പിന്നാലെയാണ് പീറ്റേഴ്‌സണ്‍ ഓടുന്നതെന്നും ഇംഗ്ലണ്ട് ടീമിനായി ഒന്നും ചെയ്യുന്നില്ലെന്നും പലരും കുറ്റപ്പെടുത്തി. പീറ്റേഴ്‌സണും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസും തമ്മില്‍ തര്‍ക്കമുണ്ടായി. പീറ്റേഴ്‌സണ്‍ തന്റെ ഇംഗ്ലീഷ് ടീമംഗങ്ങളെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ടീമിലെ സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചതായി കണ്ടെത്തി. 2012 ല്‍ ദക്ഷിണാഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ഇത് സംഭവിച്ചത്. ക്യാപ്റ്റന്‍ ആന്‍ഡ്രു സ്‌ട്രോസിനെ പുറത്താക്കാനുള്ള തന്ത്രം ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍മാര്‍ക്ക് പീറ്റേഴ്‌സണ്‍ ചോര്‍ത്തിക്കൊടുത്തുവെന്നായിരുന്നു പ്രധാന ആരോപണം. 2013-14 ആഷസ് പരമ്പരയിലാണ് പീറ്റേഴ്‌സണ്‍ അവസാനമായി ഇംഗ്ലീഷ് ജഴ്‌സിയില്‍ കളിച്ചത്.

Next Story

Related Stories