TopTop
Begin typing your search above and press return to search.

ഫെഡറേഷന്‍ കപ്പ് ടെന്നീസില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍

ഫെഡറേഷന്‍ കപ്പ് ടെന്നീസില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍

ഫെഡറേഷന്‍ കപ്പ് ടെന്നീസ് പ്ലേ ഓഫില്‍ ചരിത്രത്തില്‍ ആദ്യമായി ഇടം നേടി ഇന്ത്യന്‍ വനിതകള്‍. ഏഷ്യന്‍ ഒഷ്യാനെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാര്‍ ആയി ആണ് ഇന്ത്യ ചരിത്രം കുറിച്ചത്. ഇന്തോനേഷ്യക്ക് എതിരെ സിംഗിള്‍സിലും സാനിയക്ക് ഒപ്പം ഡബിള്‍സിലും ജയം കണ്ട അങ്കിത റെയ്‌നയുടെ മികവ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ഗ്രൂപ്പില്‍ ഒരു മത്സരവും തോല്‍ക്കാത്ത ചൈനക്ക് എതിരെ ആദ്യ മത്സരം തോറ്റ ശേഷം തുടര്‍ച്ചയായ 4 ജയങ്ങളിലൂടെ ആണ് ഇന്ത്യ ലോക ഗ്രൂപ്പിലേക്ക് മുന്നേറിയത്.

ഇന്തോനേഷ്യയ്ക്കെതിരെ 2-1 എന്ന നിലയിലായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ സിംഗിള്‍സില്‍ റിതുജ ഭോസ്ലെ പരാജയപ്പെട്ടപ്പോള്‍ രണ്ടാം സിംഗിള്‍സില്‍ ജയിച്ച് അങ്കിത ഇന്ത്യയെ ഒപ്പമെത്തിക്കുകയായിരുന്നു. ഇന്തോനേഷ്യയുടെ പ്രിസ്‌ക നുഗ്രോഹോയ്ക്കെതിരെ ആയിരുന്നു റിതുജയുടെ തോല്‍വി. സ്‌കോര്‍ 3-6, 6-0, 3-6. ആദ്യ സെറ്റില്‍ തോല്‍വി വഴങ്ങിയ റിതുജ രണ്ടാം സെറ്റില്‍ ഒരു പോയന്റുപോലും വിട്ടുകൊടുക്കാതെ ജയിച്ചെങ്കിലും മൂന്നാം സെറ്റില്‍ വീണ്ടും അടിപതറുകയായിരുന്നു. ഐടിഎഫ് ജൂനിയര്‍ 15 റാങ്കിലുള്ള താരമാണ് പതിനാറുകാരിയായ പ്രിസ്‌ക. ഒരു മണിക്കൂറും 43 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തു.

സമ്മര്‍ദ്ദത്തിനിടയിലായിരുന്നു അങ്കിത രണ്ടാം സിംഗിള്‍സിനിറങ്ങിയത്. നേരത്തെ തന്നെ മികവു തെളിയിച്ചിട്ടുള്ള അല്‍ദില സുത്ജിയാദിയെ 6-3, 6-3 എന്നിങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അങ്കിത പരാജയപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം ഡബിള്‍സിലും അങ്കിത ജയം സ്വന്തമാക്കി. സാനിയ മിര്‍സയ്ക്കൊപ്പം സുദ്സിയാദി, നുഗ്രോഹോ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 7-6, 6-0. ആദ്യ സെറ്റ് ടൈ ബ്രേക്കറിലേക്ക് നീണ്ടപ്പോള്‍ രണ്ടാം സെറ്റ് ഇന്ത്യന്‍ സഖ്യം അനായാസമായി സ്വന്തമാക്കി. ഏപ്രിലില്‍ നടക്കുന്ന പ്ലേ ഓഫില്‍ ലാത്വിയ അല്ലെങ്കില്‍ നെതര്‍ലന്‍ഡ്സ് ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ആറ് ടീമുകള്‍ അടങ്ങിയ ഗ്രൂപ്പില്‍ നാല് വിജയങ്ങളുമായി രണ്ടാമതായി ഫിനിഷ് ചെയ്താണ് ഇന്ത്യയുടെ മുന്നേറ്റം. ഗ്രൂപ്പില്‍ ചൈനയോട് മാത്രമാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. നാലു വര്‍ഷത്തിനുശേഷമാണ് സാനിയ ഫെഡറേഷന്‍ കപ്പില്‍ കളിക്കുന്നത്. ഇത് ഇന്ത്യയ്ക്ക് നേട്ടമാവുകയും ചെയ്തു.

Next Story

Related Stories