TopTop
Begin typing your search above and press return to search.

മുന്നിലുള്ളത് ഷുമാക്കര്‍ മാത്രം; ലൂയിസ് ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍

മുന്നിലുള്ളത് ഷുമാക്കര്‍ മാത്രം; ലൂയിസ് ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍

ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ ലോക ചാമ്പ്യനായി. യു.എസ്. ഗ്രാന്‍പ്രീയില്‍ മെഴ്സിഡസിന്റെ തന്നെ വാല്‍ട്ടെരി ബൊട്ടാസിന് പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്താണ് ഹാമില്‍ട്ടണ്‍ ആറാം ലോകകിരീടം ഉറപ്പിച്ചത്. സീസണില്‍ തുടര്‍ച്ചയായ 10 വിജയങ്ങളുള്ള ഹാമില്‍ട്ടണ് ലോക കിരീടം സ്വന്തമാക്കാന്‍ അമേരിക്കന്‍ ഗ്രാന്റ് പ്രീയില്‍ നിന്ന് നാല് പോയിന്റുകള്‍ മാത്രമേ വേണ്ടിയിരുന്നുള്ളൂ. ഇത് ആറാം തവണയാണ് ഹാമില്‍ട്ടണ്‍ ലോക കിരീടം നേടുന്നത്. 7 തവണ കിരീടം നേടിയിട്ടുള്ള മൈക്കല്‍ ഷൂമാക്കര്‍ മാത്രമാണ് ഹാമില്‍ട്ടണ് മുന്നിലുള്ളത്.

2008, 2014, 2015, 2017, 2018, 2019 വര്‍ഷങ്ങളിലായിരുന്നു ഹാമില്‍ട്ടന്റെ കിരീടനേട്ടം. 1994, 95, 2000, 2001, 2002, 2003, 2004 വര്‍ഷങ്ങളിലായിരുന്നു ഷുമാക്കര്‍ കിരീടം സ്വന്തമാക്കിയത്. 2013 ഡിസംബര്‍ 29ന് സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷുമാക്കര്‍ ആറു വര്‍ഷമായി കോമയിലാണ്. അഞ്ചു കിരീടം നേടിയ അര്‍ജന്റൈന്‍ ഡ്രൈവര്‍ യുവാന്‍ മാന്വല്‍ ഫാന്‍സോ ജ്യോയെയാണ് ഹാമില്‍ട്ടണ്‍ മറികടന്നത്.

381 പോയിന്റോടെയാണ് ഹാമില്‍ട്ടണ്‍ ആറാം ലോക കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള ടീമംഗം വാല്‍ട്ടേരി ബൊട്ടാസിന് 314 പോയിന്റാണുള്ളത്. ബൊട്ടാസിനേക്കാള്‍ 67 പോയിന്റിന്റെ ലീഡ്. ഇനി രണ്ട് റേസുകള്‍ മാത്രമാണ് ശേഷിക്കുന്നത്. നവംബറില്‍ ബ്രസീലിയന്‍ ഗ്രാന്‍പ്രീയും ഡിസംബറില്‍ ബഹ്റൈന്‍ ഗ്രാന്‍പ്രീയും. ഇതില്‍ രണ്ടിലും വിജയിച്ചാലും ബൊട്ടാസിന് 50 പോയിന്റ് മാത്രമേ നേടാനാവൂ. ഇതോടെയാണ് ഹാമില്‍ട്ടണ്‍ ലോക കിരീടം ഉറപ്പിച്ചത്. 249 പോയിന്റുള്ള ഫെരാരിയുടെ ചാള്‍സ് ലെക്ലേക്കാണ് മൂന്നാം സ്ഥാനത്ത്.

Next Story

Related Stories