അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്തുന്നതിനോട് യോജിപ്പറിയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ഹര്ഭജന് സിംഗ്. മത്സരങ്ങളില്‍ കാണികളുടെ സാന്നിധ്യം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. എന്നാല്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അവരില്ലാതെ കളിക്കുന്നതില്‍ തനിക്ക് പ്രശ്നം തോന്നുന്നില്ലെന്നും ഹര്ഭജന് പറഞ്ഞു. കളിക്കാരന് എന്ന നിലയില്‍ നിറഞ്ഞ ഗ്യാലറിക്ക് മുന്പില് കളിക്കുമ്പോഴുള്ള വൈബ് എനിക്ക് ഇവിടെ ലഭിക്കില്ല. എന്നാല്‍ എല്ലാ ആരാധകര്‍ക്കും ടിവിയില്‍ കാണാനാവും. കളിക്കാരുടെ സുരക്ഷക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കണം. മത്സര വേദിയും, ടീം ഹോട്ടലും, ഫ്ലൈറ്റുമെല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ തീരുമാനമെടുക്കാന്‍ പാടുള്ളെന്നും ഹര്ഭജന് ചൂണ്ടിക്കാട്ടി.
ഒരുപാട് ജീവിതങ്ങള്‍ ഐപിഎല്ലിനെ ചുറ്റിപ്പറ്റിയുണ്ട്. അതുകൊണ്ട് എല്ലാം സുരക്ഷിതമാവുമ്പോള്‍ ഐപിഎല്‍ നടത്തണം. ഒരുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഫൈനല്‍ ഉള്‍പ്പെടെ 17 മത്സരങ്ങള്‍ ഇത്തവണ കളിക്കാനാവുമെന്നാണ് പ്രതീക്ഷ. ഗ്രൗണ്ടിലേക്ക് ടീമിനൊപ്പം എത്തുന്നതും, ഞങ്ങളുടെ വരവ് കണ്ട് ആരവം മുഴക്കുന്ന കാണികളേയും, ടീം ബസിന് ചുറ്റും ബൈക്കില്‍ വരുന്ന ആരാധകരേയുമെല്ലാം മിസ് ചെയ്യുന്നതായും ഹര്ഭജന് പറഞ്ഞു. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ തുടങ്ങേണ്ടിയിരുന്നത്. നിലവില്‍ ഏപ്രില്‍ 15ന് മുന്‍പ് ഐപിഎല്‍ തുടങ്ങേണ്ടെന്നാണ് ബിസിസിഐ തീരുമാനം. ലോക്ക്ഡൗണ്‍ നീട്ടിയാല്‍ മെയിലും ഐപിഎല്‍ നടത്തിപ്പ് സനിശ്ചിതത്വത്തിലാകും. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലേക്ക് ഐപിഎല്‍ നീട്ടിവെക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.