പരിമിത ഓവര്‍ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ബുംറയുടെ പ്രടകടനം കണക്കിലെടുത്ത് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരവും മുംബൈയുടെ ബൗളിംഗ് കോച്ചുമായ ഷെയ്ന് ബോണ്ട്. ബുംറയെ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ എന്നാണ് ബോണ്ട് വിശേഷിപ്പിച്ചത്. ബുംറയുടെ അസാമാന്യ പ്രകടനത്തിന്റെ രഹസ്യത്തെക്കുറിച്ചും പരിശീലകന് വെളിപ്പെടുത്തി.
2016 ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചതിനുശേഷം ബുംറ കരിയറില്‍ മികച്ച രീതിയില്‍ മുന്നേറി. വൈറ്റ്-ബോള്‍ ക്രിക്കറ്റിന് പുറമെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലും താരം മികവ് കാണിക്കുന്നു. കരിയറില്‍ ഇതുവരെ 14 ടെസ്റ്റുകളിലാണ് കളിച്ചിട്ടള്ളതെങ്കിലും അഞ്ച് അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 68 വിക്കറ്റുകള്‍ ബുംറ നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ബൗളറായി തുടരുകയാണ് താരത്തിന്റെ ലക്ഷ്യം. ബുംറ ഒരു തോക്കാണ് ബോണ്ട് സിഡ്നി മോണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞു.
ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ ജയപ്രതീക്ഷകള്‍ ബുംറയുടെ പ്രകടനത്തേക്കൂടി ആശ്രയിച്ചായിരിക്കും.പന്തെറിയും മുന്‍പുള്ള ബുംറയുടെ ഓട്ടം ചെറുതാണെങ്കിലും താരത്തിന് വേഗം ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് ബോണ്ട് വിശദീകരിച്ചു. അവസാനത്തെ ചില സ്റ്റപ്പുകള്‍ വേഗതയുള്ളതിനാലാണ് ബുംറയ്ക്ക് ബാറ്റ്സ്മാന്മാരെ വിറപ്പിക്കാന്‍ കഴിയുന്നത്. രണ്ട് ദിശയിലേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള ബുംറയുടെ കഴിവും അനുപമമാണ്. ലോകത്തെ ഏറ്റവും മികച്ച ബൗളറെന്ന സ്ഥാനം നിലനിര്‍ത്താന്‍ ബുംറയ്ക്ക് കഴിയും.
മുന്‍ ഇന്ത്യന്‍ ബൗളിങ് കോച്ച് ജോ ഡേവ്സും ബുംറയുടെ കഴിവിനെ വിലയിരുത്തുന്നുണ്ട്. ബുംറയുടെ ബൗണ്‍സറുകള്‍ ബാറ്റ്സ്മാന്മാര്ക്ക് നേരിടുക എളുപ്പമല്ലെന്ന് പറഞ്ഞ ഡേവ്സ് താരത്തെ വിന്‍ഡീസ് ഇതിഹാസം കോട്നി വാല്ഷുമായാണ് താരതമ്യം ചെയ്യുന്നത്. ബുംറ പന്തെറിയുന്ന രീതി ബാറ്റ്സ്മാന്മാര്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ശരീരത്തിന് നേരെ വരുന്ന പന്ത് പിച്ച് ചെയ്യുന്നതോടെ ലൈനിലേക്ക് പോകുന്നത് ബാറ്റിങ്ങിനെളുപ്പമാക്കില്ലെന്നും അദ്ദേഹം വിലയിരുത്തി.