TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ പ്രതിരോധ താരം ഹോര്‍മിപാം റുവ ബ്ലാസ്റ്റേഴ്സില്‍

ഇന്ത്യന്‍ പ്രതിരോധ താരം ഹോര്‍മിപാം റുവ ബ്ലാസ്റ്റേഴ്സില്‍

യുവ പ്രതിരോധ താരം ഹോര്‍മിപാം റുവ കേരള ബ്ലാസ്റ്റേഴ്‌സില്‍. 2024 വരെയാണ് കരാര്‍. മണിപ്പൂര്‍ സോംഡാല്‍ സ്വദേശിയായ 20കാരന്‍, 2019-20 സീസണില്‍ ഇന്ത്യന്‍ ആരോസിന്റെ പ്രധാന താരമായിരുന്നു.

2017ല്‍ ഇംഫാലിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയിലൂടെയായിരുന്നു തുടക്കം. 2018ല്‍ പഞ്ചാബ് എഫ്സിയുടെ അണ്ടര്‍ 18 ടീമിന്റെ ഭാഗമായിരിക്കെ, ഇന്ത്യന്‍ അണ്ടര്‍ 18 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018-19 സീസണില്‍ മിനര്‍വ പഞ്ചാബിന് അവരുടെ ആദ്യ ഹീറോ എലൈറ്റ് അണ്ടര്‍ 18 ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ ഈ സെന്റര്‍ ബാക്ക് താരം നിര്‍ണായക പങ്കുവഹിച്ചു. 2019ല്‍ നേപ്പാളില്‍ നടന്ന സാഫ് അണ്ടര്‍ 18 ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഹോര്‍മിപാം അംഗമായിരുന്നു.

പഞ്ചാബ് എഫ്സിയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ എത്തിയാണ് 2019-20 സീസണില്‍ ഹോര്‍മിപാം ഇന്ത്യന്‍ ആരോസിനായി 14 മത്സരങ്ങളില്‍ പ്രതിരോധത്തില്‍ കളിച്ചത്. ഐ ലീഗിന്റെ ഈ സീസണില്‍, പഞ്ചാബ് എഫ്സിക്കായി 9 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം സ്ഥിരതയാര്‍ന്ന പ്രകടനവും നടത്തി. 600 മിനുറ്റിലേറെ കളിക്കളത്തിലുണ്ടായിരുന്ന ഹോര്‍മിപാം റുവ ആറു മത്സരങ്ങളില്‍ ആദ്യ ഇലവനിലും സ്ഥാനം പിടിച്ചിരുന്നു.

ബ്ലാസ്റ്റേഴ്സിനൊപ്പം ഫുട്ബോള്‍ യാത്ര തുടരുന്നതില്‍ ആവേശവും സന്തോഷവുമുണ്ടെന്ന് ഹോര്‍മിപാം റുവ അഭിപ്രായപ്പെട്ടു. ടീമിന്റെ ആരാധകകൂട്ടത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. എല്ലായ്പ്പോഴും ടീമിന്റെ ഭാഗമാകാനും ആഗ്രഹിച്ചിരുന്നു. കൂടുതല്‍ കഠിനമായി പരിശ്രമിക്കും. ആരാധകര്‍ക്കുവേണ്ടി ഏറ്റവും മികച്ചത് ചെയ്യാനും ആഗ്രഹിക്കുന്നുവെന്നും ഹാര്‍മിപാം റുവ അഭിപ്രായപ്പെട്ടു.

ഹോര്‍മിപാമിനെ പോലെ കഴിവുള്ള ഒരു താരം ടീമിലെത്തുന്നതില്‍ സന്തുഷ്ടനാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. പ്രൊഫഷണല്‍ അരങ്ങേറ്റത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ താരമെന്ന നിലയില്‍, ക്ലബ്ബിലെയും പ്രത്യേകിച്ച് ആരാധകരുടെയും പിന്തുണയ്ക്കൊപ്പം അദ്ദേഹം ചില മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമെന്ന് വിശ്വസിക്കുന്നു. ഭാവിയില്‍ നമ്മുടെ പ്രതിരോധത്തിന്റെ ഹൃദയസ്ഥാനത്ത് ഒരു പ്രധാന താരമായി മാറാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories