TopTop
Begin typing your search above and press return to search.

കിരീട പ്രതീക്ഷയോടെ ഗോകുലം കേരള; ഐ ലീഗിന് ഇന്ന് കിക്കോഫ്

കിരീട പ്രതീക്ഷയോടെ ഗോകുലം കേരള; ഐ ലീഗിന് ഇന്ന് കിക്കോഫ്

ഐ ലീഗ് ഫുട്‌ബോള്‍ സീസണിന് ഇന്ന് തുടക്കമാകും. കൊല്‍ക്കത്തയില്‍ ഉച്ചക്ക് രണ്ട് മണിക്ക് ഐസോള്‍- മോഹന്‍ബഗാന്‍ മത്സരത്തോടെയാണ് ലീഗ് തുടങ്ങുന്നത്. രാത്രി ഏഴിന് കോഴിക്കോട്ട് ഗോകുലം കേരള- നെരോക്ക എഫ്സിയെ നേരിടും. ഏറെ പ്രതീക്ഷയോടെയാണ് ഗോകുലം കേരള എഫ് സി ഐ ലീഗിന് ഇറങ്ങുന്നത്. കിരീടം തന്നെ നേടാന്‍ ആകുമെന്നാണ് വരേല പരിശീലിപ്പിക്കുന്ന ടീം വിശ്വസിക്കുന്നത്. കഴിഞ്ഞ തവണ 17 പോയിന്റോടെ ഗോകുലം കേരള ഒന്‍പതാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഡ്യൂറണ്ട് കപ്പില്‍ കിരീടം നേടാന്‍ ആയതും ബംഗ്ലദേശില്‍ നടന്ന ഷെയ്ക് കമാല്‍ കപ്പില്‍ ഗംഭീര പ്രകടനം നടത്താന്‍ ആയതും ഗോകുലം കേരള എഫ് സിയില്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ക്യാപ്റ്റന്‍ മാര്‍ക്കസിന്റെ മികച്ച ഫോം ഗോകുലത്തിന് കരുത്താകും. ഈ ഐലീഗ് സീസണില്‍ ടോപ്പ് സ്‌കോറര്‍ ആകാന്‍ ആവുമെന്ന ഉറപ്പിലാണ് മാര്‍ക്കസ് ഇറങ്ങുന്നത്. മാര്‍ക്കസിനൊപ്പം ഹെന്റി കിസേകയും ഗോകുലം അറ്റാക്കില്‍ ഉണ്ട്. ജിതിന്‍ എം എസ് പോലുള്ള യുവമലയാളി താരങ്ങളുടെ പ്രകടനവും ശ്രദ്ധിക്കപ്പെടും.

കഴിഞ്ഞ സീസണില്‍ എവേ മത്സരത്തില്‍ ഗോകുലവും-നെരോക്കയും ഓരോ ഗോള്‍ നേടി സമനിലയിലായിരുന്നു. ഹോം മാച്ചില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗോകുലത്തിനായിരുന്നു ജയം. ഗോകുലം ശക്തരാണെങ്കിലും തങ്ങള്‍ വിജയപ്രതീക്ഷയിലാണെന്ന് നെരോക്ക ടീം പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ സീസണില്‍ 26 പോയിന്റോടെ ആറാം സ്ഥാനത്തായിരുന്നു നെരോക്ക. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്ക് സൗജന്യമാണ്.

Next Story

Related Stories