TopTop
Begin typing your search above and press return to search.

കൊവിഡ് 19: ക്രിക്കറ്റിനും മേക്കോവര്‍, പന്ത് ചുരണ്ടല്‍ നിയമവിധേയമാക്കിയേക്കും

കൊവിഡ് 19: ക്രിക്കറ്റിനും മേക്കോവര്‍, പന്ത് ചുരണ്ടല്‍ നിയമവിധേയമാക്കിയേക്കും

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. പന്തില്‍ തുപ്പല്‍ പുരട്ടി തിളക്കം കൂട്ടുന്ന രീതി കൊവിഡ് കാലത്തിനുശേഷം അനുവദിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം ക്രിക്കറ്റില്‍ ഇതുവരെ നിയമവിരുദ്ധം എന്ന് കണക്കാക്കിയിരുന്ന പന്ത് ചുരണ്ടല്‍ നിയമവിധേയമാക്കും, അമ്പയര്‍മാരുടെ മേല്‍നോട്ടത്തില്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്റെ തിളക്കം കൂട്ടാന്‍ ഐസിസി അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.

കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്റെ തിളക്കം കൂട്ടാന്‍ ശ്രമിച്ചതിന് മുമ്പ് പലതാരങ്ങളും പിടിയിലായിട്ടുണ്ട്. ജെല്‍, ച്യൂയിംഗ് ഗം എന്നിവ ഉപയോഗിച്ചും ബൗളര്‍മാര്‍ പന്തില്‍ തിളക്കം കൂട്ടാന്‍ ശ്രമിക്കാറുണ്ട്. സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തിന്റെ ഒരു വശത്തെ തിളക്കം കളയാന്‍ ശ്രമിച്ചതിന് ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും, കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ എട്ട് മാസത്തേക്കും ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു.

കൊവിഡിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും വ്യക്തമാക്കുന്നുണ്ട്. പന്തിന്റെ തിളക്കം കൂട്ടുന്ന രീതി ഉള്‍പ്പെടെ കളിക്കാരുടെ ആഘോഷ രീതികള്‍ വരെ മാറ്റം വരുമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. 47-ാം ജന്മദിനത്തോടനുബന്ധിച്ച് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സച്ചിന്റെ പ്രതികരണം. പന്തിന് തിളക്കം കൂട്ടാന്‍ ഉപയോഗിക്കുന്ന രീതി മാറും. ശുചിത്വം പാലിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. താരങ്ങളുടെ ആഘോഷ രീതി വരെ മാറും. ഹൈ ഫൈവോ, കെട്ടിപ്പിടിക്കലോ ഉണ്ടായേക്കില്ല. കോവിഡ് ഭീതി പൂര്‍ണമായും നീങ്ങിയ ശേഷമാകും കളിക്കളങ്ങള്‍ ഉണരുക. എങ്കിലും ഇതെല്ലാം കളിക്കാരുടെ ഉള്ളിലുണ്ടാകുമെന്നും സച്ചിന്‍ പറഞ്ഞു.

Next Story

Related Stories