TopTop
Begin typing your search above and press return to search.

മെസിയേയും മറികടന്ന് സുനില്‍ ഛേത്രി; ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം

മെസിയേയും മറികടന്ന് സുനില്‍ ഛേത്രി; ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം

ഗോളടിയില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസിയേയും മറികടന്ന സുനില്‍ ഛേത്രിയുടെ പ്രകടനമികവില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ആദ്യ ജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു നായകന്‍ ഛേത്രിയുടെ രണ്ട് ഗോളുകളും പിറന്നത്. വിജയത്തോടെ ഇന്ത്യ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമതെത്തി. അവസാന മത്സരത്തില്‍ അഫ്ഗാനിസ്താനാണ് എതിരാളികള്‍. അതും ജയിക്കാനായാല്‍ ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത ഉറപ്പിക്കാനാകും.

ഖത്തറിനെതിരായ തോല്‍വിക്കു പിന്നാലെയാണ് ഇഗോര്‍ സ്റ്റിമാക്കിന്റെ കുട്ടികള്‍ ബംഗ്ലാദേശിനെതിരെ കളിക്കാനിറങ്ങിയത്. അറ്റാക്കിംഗ് ലൈനപ്പില്‍ ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ചുകളിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ചിംഗ്ലന്‍സനയ്ക്ക് മികച്ച അവസരം ലഭിച്ചു. ബ്രാണ്ടണ്‍ എടുത്ത കോര്‍ണറില്‍ നിന്ന് സെന തൊടുത്ത ബുള്ളറ്റ് ഹെഡര്‍ ഗോള്‍ ലൈനില്‍വെച്ചാണ് ബംഗ്ലാദേശ് പ്രതിരോധം തടഞ്ഞത്. കിട്ടിയ അവസരങ്ങള്‍ ഗോളാക്കാന്‍ ഇരുടീമുകള്‍ക്കും കഴിയാതിരുന്നതോടെ ആദ്യ പകുതി സമനിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ ഇന്ത്യ മത്സരം കൈയടക്കി. പരിക്കില്‍നിന്നുള്ള ചേത്രിയുടെ മടങ്ങിവരവിന്റെ ആഘോഷമായിരുന്നു രണ്ടാം പകുതി. 79ാം മിനിറ്റില്‍ നായകന്‍ ടീമിന് ലീഡ് നല്‍കി. മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസില്‍ നിന്നായിരുന്നു ഹെഡ്ഡര്‍ ഗോള്‍. ഇഞ്ചുറി ടൈമില്‍ രണ്ടാം ഗോളും വീണു. മികച്ച മുന്നേറ്റത്തിനൊടുവില്‍ സുരേഷ് നല്‍കിയ മനോഹരമായ പാസാണ് പിഴയ്ക്കാത്ത ഷോട്ടിലൂടെ ഛേത്രി വലയിലെത്തിച്ചത്.

ഇരട്ടഗോള്‍ നേട്ടത്തോടെ, അന്താരാഷ്ട്ര മത്സരത്തില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവിലെ കളിക്കാരില്‍ രണ്ടാം സ്ഥാനത്തേക്കും ഛേത്രി മുന്നേറി. 117 മത്സരങ്ങളില്‍ നിന്ന് 74 ഗോളുകളാണ് ഛേത്രി ഇതുവരെ നേടിയത്. ലയണല്‍ മെസി -അര്‍ജന്റീന (72), അലി മബ്ഖൗത്ത്-യുഎഇ (73) എന്നിവരെയാണ് ഛേത്രി മറികടന്നത്. 103 ഗോളുമായി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്തുള്ളത്.


Next Story

Related Stories