TopTop
Begin typing your search above and press return to search.

ഏഷ്യാ ഇലവനില്‍ ഇന്ത്യന്‍ കളിക്കാര്‍ക്കൊപ്പം പാക് താരങ്ങള്‍ കളിക്കില്ല; നയം വ്യക്തമാക്കി ബിസിസിഐ

ഏഷ്യാ ഇലവനില്‍ ഇന്ത്യന്‍ കളിക്കാര്‍ക്കൊപ്പം പാക് താരങ്ങള്‍ കളിക്കില്ല; നയം വ്യക്തമാക്കി ബിസിസിഐ

ബംഗ്ലാദേശില്‍ നടക്കുന്ന ഏഷ്യാ ഇലവന്‍-ലോക ഇലവന്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള താരങ്ങള്‍ ഒരുമിച്ച് പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്. ഷെയ്ക് മുജിബുര്‍ റഹ്മാന്റെ നൂറാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യാ ഇലവന്‍-ലോക ഇലവന്‍ ട്വന്റി20 പോര് സംഘടിപ്പിക്കുന്നത്. ഇതിന് ഐസിസിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഏഷ്യാ ഇലവനില്‍ ഇന്ത്യന്‍ കളിക്കാര്‍ക്കൊപ്പം പാക് താരങ്ങള്‍ കളിക്കുമോ എന്ന ചോദ്യമാണ് ഇതിനിടയില്‍ ഉയര്‍ന്നത്.

കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിനിടെ ഇക്കാര്യത്തില്‍ ചില ചര്‍ച്ചകള്‍ നടന്നു. ഇന്ത്യയും പാകിസ്ഥാന്‍ കളിക്കാരും ഒരേ ഏഷ്യന്‍ ഇലവന്‍ ടീമില്‍ പങ്കെടുക്കുമെന്ന് തോന്നുന്നില്ല. കാരണം ഏഷ്യന്‍ പ്ലേയിങ് ഇലവനിലേക്ക് ഒരു പാക് ക്രിക്കറ്റ് താരത്തേയും ക്ഷണിക്കുന്നില്ല എന്നാണ് നമ്മള്‍ മനസിലാക്കുന്നത്. ഇരു ടീം അംഗങ്ങളും ഒരുമിച്ച് കളിക്കില്ല. ഏഷ്യാ ഇലവന് വേണ്ടി കളിക്കുന്ന അഞ്ച് ഇന്ത്യന്‍ താരങ്ങളെ ഗാംഗുലി തെരഞ്ഞെടുക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് ജയേഷ് ജോര്‍ജ് പറഞ്ഞു. സൗരവ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തുന്നതിനാല്‍ അത് ആശ്രയിച്ചിരിക്കും എല്ലാ കാര്യങ്ങളും. ഇന്ത്യയും പാകിസ്ഥാനും കഴിഞ്ഞ ഏഴു വര്‍ഷമായി സൗഹൃദ ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടില്ല, ആഗോള മത്സരങ്ങളിലോ ഏഷ്യന്‍ മീറ്റുകളിലും മാത്രമാണ് മത്സരിക്കുന്നത്.

ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ ദിവസം പ്രതികരണവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ രംഗത്തെത്തിയിരുന്നു. പാകിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങളേക്കാള്‍ മോശമാണ് ഇന്ത്യയിലേത് എന്നായിരുന്നു പിസിബി തലവന്‍ എഹ്സാന്‍ മാണിയുടെ വാക്കുകള്‍. പാകിസ്ഥാന്‍ സുരക്ഷിതമാണെന്ന് ഞങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. ഇവിടേക്ക് വരാന്‍ തയ്യാറാവാത്തവരാണ് എന്തുകൊണ്ട് പാകിസ്ഥാന്‍ സുരക്ഷിതമല്ല എന്ന് തെളിയിക്കേണ്ടത്. പാകിസ്ഥാനിലേതിനേക്കാള്‍ സുരക്ഷാ പ്രശ്നങ്ങളാണ് ഇന്ത്യയിലേത്, എഹ്സാന്‍ മാണി പറഞ്ഞു. മാര്‍ച്ച് 20, 21 തീയതികളില്‍ ധാക്കയില്‍ ടി 20 മത്സരങ്ങള്‍ നടക്കും. ഏകദിന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്ക ഇന്ത്യയിലായിരിക്കും.

Next Story

Related Stories