TopTop
Begin typing your search above and press return to search.

വനിത ട്വന്റി 20 ലോകകപ്പ്; കന്നിക്കിരീടത്തിനായി ഹര്‍മന്‍പ്രീതും സംഘവും ഇറങ്ങുന്നു

വനിത ട്വന്റി 20 ലോകകപ്പ്; കന്നിക്കിരീടത്തിനായി ഹര്‍മന്‍പ്രീതും സംഘവും ഇറങ്ങുന്നു

വനിതാ ടി20 ലോകകപ്പില്‍ കന്നിക്കിരീടത്തിനായി ഇന്ത്യ ഇന്നിറങ്ങും. നിലവിലെ ജേതാക്കളും ആതിഥേയരുമായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. കഴിഞ്ഞ മാസം ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ഓസീസിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് സ്റ്റേജില്‍ അപരാജിതരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. സെമിയില്‍ ഇംഗ്ലണ്ടുമായി നടക്കേണ്ടിയിരുന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. ഷഫാലി വര്‍മയുടെ വെടിക്കെട്ട് തുടക്കവും സ്പിന്നര്‍മാരുടെ സ്ഥിരതയാര്‍ന്ന പ്രകടനവുമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. ഓസീസ് ആറാമത്തെ ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ആദ്യ ഫൈനലാണിത്.

ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനായ ഇന്ത്യ, ഷഫാലി വര്‍മ്മ , പൂനം യാദവ് എന്നിവരുടെ മികവിലാണ് പ്രതീക്ഷ വയ്ക്കുന്നത്. എന്നാല്‍ ശക്തരായ ഓസിസിനെ നേരിടുമ്പോള്‍ ഇതുകൊണ്ടെന്നും മതിയാവില്ല. ഫൈനലില്‍ സമ്മര്‍ദ്ദത്തെ അതീജിവിക്കുകയെന്നത് പ്രധാനമാണ്. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍, സീനിയര്‍ താരം സ്മൃതി മന്ദാന എന്നിവര്‍ കൂടി തിളങ്ങേണ്ടതുണ്ട്. മറുവശത്ത് ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം മാനസികമായ മേല്‍ക്കൈ ഉണ്ട്. സ്വന്തം നാട്ടില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതിന്റെ ആനുകൂല്യം അവര്‍ക്ക് സ്വാഭാവികമായും ഉണ്ടാവും.

മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാണികള്‍ കണ്ട മത്സരം ആക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇതിനോടകം തന്നെ 75000ലധികം ടിക്കറ്റുകള്‍ വിറ്റ് കഴിഞ്ഞു.


Next Story

Related Stories