ചരിത്ര പരമായ പിങ്ക് ബോൾ ടെസ്റ്റിന് വേദിയാവാൻ ഒരുങ്ങിക്കഴിഞ്ഞു കൊൽക്കത്ത ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയം. വെള്ളിയാഴ്ചയാണ് ഇന്ത്യ ആദ്യമായി വേദിയാകുന്ന പകല്‍-രാത്രി ടെസ്റ്റ്. പിങ്ക് പന്തിലായിരിക്കും വെള്ളിയാഴ്ചയിലെ ടെസ്റ്റ് മൽസരത്തിൽ ഇന്ത്യയും ബംഗ്ലാദേശുംഅണിനിരക്കുക എന്ന പ്രത്യേകതയും ഈ മൽസരത്തിനുണ്ട്.
ഡേ/നൈറ്റ് ടെസ്റ്റ് കളിക്കില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ ഇന്ത്യ. എന്നാൽ ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു നിലപാടിൽ മാറ്റം വരുത്തിയത്. ഗാംഗുലി തന്നെയാണ് ഇന്ത്യ - ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി കളിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. ഇന്ത്യന്‍ നായകന് വിരാട് കോലിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും പിങ്ക് ബോള്‍ ടെസ്റ്റിന് സമ്മതം മൂളിയതോടെ ഈഡന് ഗാര്‍ഡന്‍സ് അങ്ങനെ ചരിത്ര ടെസ്റ്റിന് വേദിയാവുകയായിരുന്നു.
ഈഡന് ഗാര്‍ഡന്‍സിലെ ഒരുക്കങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. ക്യുറേറ്റര്‍ സുജന്‍ മുഖര്‍ജിയും സംഘവും ഒരുക്കങ്ങൾ വിലയിരുത്തി. ബിസിസിഐയുടെ മുഖ്യ ക്യുറേറ്റര്‍ ആശിഷ് ബൗമിക് ഈഡനിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റിന് ഈഡന് ഗാര്ഡന്സിനെക്കാളും മികച്ചൊരിടം ഇന്ത്യയില്‍ ഇല്ലെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ വാദം. പകല്‍-രാത്രി ടെസ്റ്റിന്റെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുതീരുകയും ചെയ്തു. പിങ്ക് ബോള്‍ ഉപയോഗിച്ചുള്ള ആദ്യമല്‍സരം എങ്ങനെയാകുമെന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
ടെസ്റ്റ് മൽസരങ്ഹളിൽ സാധാരണ ഉപയോഗിച്ച് വരുന്നത് റെഡ് ചെറി ബോളുകളാണ്. എന്നാൽ ഡേ നൈറ്റ് മൽസരങ്ങളിൽ ഇത് സാധ്യമാവില്ല. ചുവന്ന പന്തുകള്‍ക്ക് ഫ്ലഡ് ലൈറ്റില്‍ പിച്ചിന്റെ അതേ നിറമായിരിക്കും. ഇത് ബാറ്റ്സ്മാന്മാര്ക്ക് തിരിച്ചറിയാന്‍ വലിയ വെല്ലുവിളി ഉയർത്തുകയും ചെയ്യും. ഇതാണ് കട്ടിയേറിയ പിങ്ക് കോട്ടിങ്ങുള്ള പന്ത് മൽസരങ്ങൾക്ക് ഉപയോഗിക്കാൻ കാരണം.
ഒട്ടേറെ വ്യത്യാസമുണ്ട് ചുവന്ന പന്തുകളില്‍ നിന്നും പിങ്ക് പന്തുകൾക്ക്. ചുവന്ന പന്തിനേക്കാള്‍ സ്വിങ് ലഭിക്കുമെന്നതാണ് ഒരു പ്രത്യേകത. എന്നാല്‍ പന്ത് പഴകുമ്പോള്‍ റിവേഴ്സ് സ്വിങ് ലഭിക്കില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യം ബാറ്റ്സ്മാൻമാർക്കായിരിക്കും ഗുണം ചെയ്യുക. പിങ്ക് കോട്ടിങ്ങ് സ്പിന്നര്‍മാര്‍ക്ക് ഗ്രിപ്പ് ലഭിക്കാനും ബുദ്ധിമുട്ടുണ്ടാക്കിയേക്കും. അതുകൊണ്ട് തന്നെ ഡേ/നൈറ്റ് ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്ക് പ്രസക്തി കുറവാണെന്ന് നിരീക്ഷകര്‍ വിധിയെഴുതിയിട്ടുണ്ട്.