TopTop
Begin typing your search above and press return to search.

പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി വിരാട് കോഹ്ലി; റിക്കി പോണ്ടിംഗിനെ മറികടന്നു

പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി വിരാട് കോഹ്ലി; റിക്കി പോണ്ടിംഗിനെ മറികടന്നു

ബംഗ്ലാദേശിനെതിരായ പിങ്ക് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം സെഞ്ചുറി നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി വിരാട് കോഹ്ലി. അതേസമയം ക്യാപ്റ്റനായിരിക്കെ സെഞ്ചുറി നേടുന്നവരുടെ ലിസ്റ്റില്‍ റിക്കി പോണ്ടിംഗിനെ മറികടന്ന് അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. ക്യാപ്റ്റനെന്ന നിലയിലെ കോഹ്ലിയുടെ ഇരുപതാം സെഞ്ചുറിയാണ് ഇന്നത്തേത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് ആണ് ലിസ്റ്റില്‍ ഒന്നാമത്. 25 സെഞ്ചുറികളാണ് അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനത്ത് ഇരുന്ന് നേടിയിട്ടുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ചുറികളുടെ എണ്ണത്തില്‍ കോഹ്ലി സ്റ്റീവ് സ്മിത്തിനെ പിന്തള്ളി. നിലവില്‍ 27 സെഞ്ചുറികളുമായി ഗ്രെയിം സ്മിത്തിനും അലന്‍ ബോര്‍ഡറിനുമൊപ്പം അദ്ദേഹം 17-ാം സ്ഥാനത്താണ്. അതേസമയം അന്താരാഷ്ട്ര സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിനും റിക്കി പോണ്ടിംഗിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കോഹ്ലി. ടെസ്റ്റിലും ഏകദിനത്തിലുമായി 438 ഇന്നിംഗ്‌സുകളില്‍ നിന്നും 70 സെഞ്ചുറികളാണ് നേടിയിട്ടുള്ളത്. അതേസമയം റിക്കി പോണ്ടിംഗിന്റെ 71 സെഞ്ചുറികള്‍ 668 ഇന്നിംഗ്‌സുകളില്‍ നിന്നാണ്. നൂറ് അന്താരാഷ്ട്ര സെഞ്ചുറികള്‍ നേിടിയിട്ടുള്ള സച്ചിന്‍ ആകെ കളിച്ചത് 782 ഇന്നിംഗ്‌സുകളും.

ക്യാപ്റ്റന്‍ എന്ന നിലയില്‍ 41-ാം അന്താരാഷ്ട്ര സെഞ്ചുറിയാണ് കോഹ്ലി ഇന്ന് നേടിയത്. എല്ലാ ഫോര്‍മാറ്റിലുമുള്ള ഈ നേട്ടത്തിലും കോഹ്ലി റിക്കി പോണ്ടിംഗിനൊപ്പമെത്തി. ഈവര്‍ഷം വിരാട് കളിക്കുന്ന എട്ടാമത്തെ ടെസ്റ്റ് മാത്രമാണ് ഈഡന്‍ ഗാര്‍ഡനിലേത്. അതേസമയം ടീമിന് മത്സരത്തില്‍ വ്യക്തമായ ആധിപത്യം നല്‍കുന്നതാണ് കോഹ്ലിയുടെ ഇന്നിംഗ്‌സ്. ടീം സ്‌കോര്‍ രണ്ടിന് 43 എന്ന ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ക്രീസിലെത്തിയ കോഹ്ലി പിങ്ക് പന്തുകളെ നേരിടാന്‍ ആദ്യം വിഷമിച്ചെങ്കിലും പിന്നീട് റിഥം കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ വേഗതയില്‍ 5000 റണ്‍സ് തികയ്ക്കുന്ന താരമായും കോഹ്ലി മാറിയിരുന്നു. 86 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്ലിയുടെ നേട്ടം. റിക്കി പോണ്ടിംഗ്(97 ഇന്നിംഗ്‌സ്), ക്ലൈവ് ലോയ്ഡ്(106 ഇന്നിംഗ്‌സ്), ഗ്രെയിം സ്മിത്ത്, സ്റ്റീഫന്‍ ഫ്‌ളമിംഗ് എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

Next Story

Related Stories