ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ജയത്തിന് ശേഷം ടീം ഇന്ത്യ ബംഗ്ലാദേശിനെതിരെയുളള ട്വന്റി20 പരമ്പരയ്ക്ക് ഇറങ്ങുകയാണ്. ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാഹുല്‍ ചഹര്‍, സഞ്ജു സാംസണ്, ശിവം ദുബേ എന്നിവരടങ്ങുന്ന ഇന്ത്യന്‍ യുവനിരയെ രോഹിത് ശര്‍മ നയിക്കും. ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് മത്സര പരമ്പരയിലെ ആദ്യ ടി 20 അന്താരാഷ്ട്ര മത്സരമാണിത്.
ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ടി20 കളിക്കാനൊരുങ്ങുന്നത്. അതിനാല്‍ പരമ്പര ചാഹലിന് നിര്‍ണായകമാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ ഈ പരമ്പരയിലെ പ്രകടനം ചാഹലിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമായേക്കും. പരമ്പരയില്‍ നാല് വിക്കറ്റ് നേടിയാല്‍ ഒരു സുപ്രധാന നേട്ടത്തിലുമെത്താം ചാഹലിന്. അന്താരാഷ്ട്ര ടി20യില്‍ 50 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടത്തിനരികെയാണ് ചാഹല്‍. ദില്ലി ഇന്ന് ടി20യില്‍ തന്നെ ചാഹല്‍ ഈ നേട്ടത്തിലെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വൈകിട്ട് ഏഴ് മുതല്‍ ദില്ലിയിലാണ് മത്സരം. കൂറ്റനടികള്‍ക്ക് പേരുകേട്ട മുംബൈ ഓള്‍റൗണ്ടര്‍ ശിവം ദുബേ അരങ്ങേറ്റം കുറിക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. വിരാട് കോഹ്ലിക്ക് വിശ്രമം നല്കിയതിനാല് രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. വിലക്ക് നേരിടുന്ന ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്, തമീം ഇഖ്ബാല്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍ തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെയാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ലിറ്റന്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഷ്ഫീഖര്‍ റഹിം തുടങ്ങിയവരിലാണ് മഹമ്മദുള്ള നയിക്കുന്ന ബംഗ്ലാ നിരയുടെ പ്രതീക്ഷ.