TopTop
Begin typing your search above and press return to search.

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മൂന്നാം ദിനം വിജയം: മുഹമ്മദ് ഷമിയ്ക്ക് നാല് വിക്കറ്റ്

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മൂന്നാം ദിനം വിജയം: മുഹമ്മദ് ഷമിയ്ക്ക് നാല് വിക്കറ്റ്

ബംഗ്ലാദേശിനെതിരായി ഇന്‍ഡോറില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് അനായാസ വിജയം. പേസര്‍മാരുടെയും സ്പിന്നര്‍ അശ്വിന്റെയും കളിയുടെ മികവില്‍ മൂന്നാം ദിനം ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 213 റണ്‍സിന് ഓള്‍ ഔട്ടായതോടെ ഇന്ത്യ ഇന്നിംഗ്‌സിനും 130 റണ്‍സിനും വിജയിച്ചു.

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്നലെ ഇന്ത്യ 493 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. ബംഗ്ലാദേശിനെ 343 റണ്‍സിന് പിന്നിലാക്കിയായിരുന്നു ഇത്. ഇരട്ട സെഞ്ചുറി നേടിയ മയങ്ക് അഗര്‍വാളിന്റെ(243) ബാറ്റിംഗ് കരുത്തില്‍ ആറ് വിക്കറ്റിന് 493 റണ്‍സെടുത്ത ഇന്ത്യ ഇന്നലെ തന്നെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ചേതേശ്വര്‍ പൂജാര(54), അജിന്‍ക്യ റഹാനെ(86), രവീന്ദ്ര ജഡേജ(60 നോട്ടൗട്ട്) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ ഉമേഷ് യാദവിന്റെ(പത്ത് പന്തില്‍ 25 നോട്ടൗട്ട്) വെടിക്കെട്ടും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ശ്രദ്ധേയമായി.

നാല് വിക്കറ്റെടുത്ത അബു ജായേദിന്റെ പ്രകടനം മാത്രമായിരുന്നു ബംഗ്ലാദേശ് ബൗളിംഗില്‍ എടുത്തു പറയാനുണ്ടായിരുന്നു. എന്നാല്‍ 25 ഓവറുകള്‍ പന്തെറിഞ്ഞ അബു 108 റണ്‍സാണ് വിട്ടുനല്‍കിയത്. മൂന്ന് ഓവര്‍ മാത്രമെറിഞ്ഞ മുഹമ്മദുള്ള ഒഴികെയുള്ള എല്ലാ ബംഗ്ലാദേശ് ബൗളര്‍മാരും നൂറിന് മുകളില്‍ റണ്‍സ് വിട്ടുനല്‍കി. എബാദത്ത് ഹൊസൈന്‍(115), തൈജുല്‍ ഇസ്ലാം(120), മെഹിദി ഹസന്‍ മിറാസ്(125) എന്നിങ്ങനെയാണ് മറ്റ് ബംഗ്ലാ ബൗളര്‍മാരുടെ ഇന്ത്യന്‍ ഇന്നിംഗ്‌സിലേക്കുള്ള സംഭാവനകള്‍.

ആദ്യ ഇന്നിംഗ്‌സില്‍ 150 റണ്‍സിന് പുറത്തായ ബംഗ്ലാദേശിന് രണ്ടാം ഇന്നിംഗ്‌സിലും തകര്‍ച്ചയായിരുന്നു. ആറാം ഓവറില്‍ ഓപ്പണര്‍മാരായ ഇമ്രുള്‍ കയേസിനെയും(ആറ്) ഏഴാം ഓവറില്‍ ശബ്ദമാന്‍ ഇസ്ലാമിനെ(ആറ്)യും അവര്‍ക്ക് നഷ്ടമായി. 13-ാം ഓവറില്‍ ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖിനെ(ഏഴ്) മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. പതിനഞ്ചാം ഓവറില്‍ മൊഹമ്മദ് മിതുനും(18) പുറത്തായതോടെ ബംഗ്ലാദേശ് നാലിന് 44 എന്ന വന്‍തകര്‍ച്ചയ്ക്ക് മുന്നിലായി.

മുഷ്ഫിഖുര്‍ റഹ്മാന്‍ സാവകാശം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് വേണ്ട പിന്തുണ ലഭിച്ചില്ല. 27-ാം ഓവറില്‍ മുഹമ്മദുള്ള(15)യും പുറത്തായതിന് ശേഷമാണ് മുഷ്ഫിഖുറിന് പിന്തുണ നല്‍കാന്‍ ബംഗ്ലാ ബാറ്റിംഗ് നിരയില്‍ ആരെങ്കിലുമുണ്ടായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലിറ്റണ്‍ ദാസുമായി(35) ചേര്‍ന്ന് റഹ്മാന്‍ ആറാം വിക്കറ്റില്‍ 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഏഴാം വിക്കറ്റില്‍ മെഹിദി ഹസന്‍ മിര്‍സയുമായി(38) ചേര്‍ന്നും റഹ്മാന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 62 റണ്‍സാണ് ഈ സഖ്യം ചേര്‍ത്തത്. എന്നാല്‍ സ്‌കോര്‍ 208ല്‍ എത്തിനില്‍ക്കെ തൈജുല്‍ ഇസ്ലാമിനെയും(ആറ്), മുഷ്ഫിഖുര്‍ റഹ്മാനെയും(64) അടുപ്പിച്ച് നഷ്ടമായതോടെ ബംഗ്ലാദേശിന്റെ പൊരുതല്‍ അവസാനിച്ചു. രണ്ട് ഓവറുകള്‍ക്ക് ശേഷം എബ്ദാദ് ഹൊസൈനെ അശ്വിനും പുറത്താക്കിയതോടെ അവരുടെ ഇന്നിംഗ്‌സിനും വിരാമമായി.

ഇന്ത്യയ്ക്ക് വേണ്ടി 31 റണ്‍സ് വിട്ടുകൊടുത്ത് ഷമി നാല് വിക്കറ്റും 42 റണ്‍സ് വിട്ടുകൊടുത്ത് അശ്വിന്‍ മൂന്ന് വിക്കറ്റും നേടി. ഉമേഷ് യാദവ് രണ്ടും ഇഷാന്ത് ശര്‍മ്മ ഒന്നും വിക്കറ്റെടുത്തു. തന്റെ കരിയറിലെ ഏഴാം ഇന്നിംഗ്‌സില്‍ രണ്ടാം ഇരട്ട സെഞ്ചുറി നേടിയ മയങ്ക് അഗര്‍വാളാണ് കളിയിലെ കേമന്‍.

Next Story

Related Stories