ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സിനെതിരെ തകര്‍പ്പന്‍ ഇന്നിംഗ്സ് പുറത്തെടുത്ത സൂര്യകുമാര്‍ യാദവിന് കൈയ്യടിക്കുകയാണ് ആരാധകര്‍. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും അടിച്ചുതകര്‍ത്ത സൂര്യകുമാര്‍ യാദവിന്റെ (43 പന്തില്‍ 79) മികവില്‍ മുംബൈ അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു.
എന്നാല്‍ മത്സരത്തിനിടെ സൂര്യകുമാറിനെ സ്ലെഡ്ജ് ചെയ്യുന്ന തരത്തില്‍ വിരാട് കോഹ്ലിയില് നിന്നുണ്ടായ പെരുമാറ്റം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സൂര്യകുമാര്‍ മികച്ച ഫോമില്‍ നില്‍ക്കെ 13ാം ഓവറില്‍ സമീപത്തെത്തിയായിരുന്നു കോഹ്ലിയുടെ പ്രകടനം. സൂര്യകുമാറിനെ പ്രകോപിപ്പിക്കുന്ന നോട്ടവുമായി കോഹ്ലി അടുത്തു വന്നെങ്കിലും കോഹ്ലിയുടെ പ്രകോപനത്തില്‍ വീഴാതെ സൂര്യകുമാര്‍ ശാന്തനായി നിന്നു. മുംബൈയെ വിജയത്തിലെത്തിച്ചാണ് താരം മടങ്ങിയത്. എന്നാല്‍ മുംബൈ ജയത്തിന്റെ ക്രഡിറ്റ് സൂര്യകുമാറിന് നല്കാന് മത്സര ശേഷം സംസാരിച്ചപ്പോഴും കോഹ്ലി തയ്യാറായില്ല.
സീസണില്‍ ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്തും 30കാരനായ താരത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു തഴഞ്ഞു. മത്സരശേഷം മുംബൈ നായകന് കീറന്‍ പൊള്ളാര്‍ഡ് ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള സൂര്യകുമാറിന്റെ അടങ്ങാത്ത ആഗ്രഹം തുറന്നുപറയുകയും ചെയ്തു. സൂര്യകുമാര്‍ യാദവിനെ ഇനിയും ടീമിലെടുക്കാത്തതെന്താണെന്ന ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിങ് അടക്കമുള്ളവരും എത്തിയിരുന്നു.
അതേസമയം സൂര്യകുമാര്‍ യാദവിനെ ന്യൂസീലന്‍ഡിനായി കളിക്കാന്‍ ക്ഷണിച്ച് മുന്‍ താരം സ്കോട്ട് സ്റ്റൈറിസും രംഗത്തെത്തി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിനു ശേഷം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് സ്റ്റൈറിസ് താരത്തെ ന്യൂസീലന്‍ഡ് ടീമിലേക്ക് ക്ഷണിച്ചത്. പാതി തമാശയായും പാതി കാര്യവുമായാണ് സ്റ്റൈറിസ് ട്വീറ്റ് ചെയ്തതെങ്കിലും ആരാധകര്‍ അതേറ്റെടുത്തു.