ബാറ്റ്സ്മാനെന്ന നിലയില്‍ ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ കൈവശമുള്ള താരമാണ് ഇന്ത്യന്‍ നായകനായ വിരാട് കോഹ്ലി. ഇപ്പോഴിതാ ആ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഐപിഎല്ലിലെ ഒരു റെക്കോര്‍ഡ് കൂടി ചേര്‍ത്തിരിക്കുകയാണ് കോഹ്ലി. മുംബൈ ഇന്ത്യന്‍സിനെതിരായ ഇന്നലത്തെ മത്സരത്തിലൂടെയാണ് ബാംഗ്ലൂര്‍ നായകന് കൂടിയായ കോഹ്ലി പുതിയ നേട്ടത്തിലെത്തിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനനെന്ന നിലയില്‍ 150 ടി20 മത്സങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനെന്ന നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമായും കോഹ്ലി മാറി. മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോണി, മുന്‍ ഇന്ത്യന്‍ താരവും മുന്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് നായകനുമായിരുന്ന ഗൗതം ഗംഭീര്‍ എന്നിവരാണ് കോഹ്ലിക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ രണ്ട് ഇന്ത്യന്‍ താരങ്ങള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇവര്‍ക്ക് മൂന്ന് പേര്‍ക്കുമൊപ്പം മുന്‍ വെസ്റ്റിന്‍ഡീസ് ടി20 ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയുമുണ്ട്. വെസ്റ്റിന്‍ഡീസിനും ലോകമെങ്ങുമുള്ള വിവിധ ഫ്രാഞ്ചൈസി ടീമുകളുടേയും ക്യാപ്റ്റനായി സമ്മി കളിച്ചിട്ടുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ധോണി 273 മത്സരങ്ങളിലാണ് നായകനായത്. സമ്മി 208 മത്സരങ്ങള്‍ കളിച്ച് രണ്ടാം സ്ഥാനത്തും ഗംഭീര്‍ 170 മത്സരങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ്.