ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജയം കണ്ടെത്താനാകാതെ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചടി നേരിടുമ്പോള്‍ ക്ലബിനെ ആരാധകരും കൈവിടുന്നു. മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് ഇന്നലെ ജംഷഡ്പൂരിനെതിരായുള്ള മത്സരത്തില്‍ കളി കാണാന്‍ എത്തുന്ന ആരാധകരുടെ വന്‍ ഇടിവാണുണ്ടായത്. സീസണിലെ വിജയത്തുടക്കം പിന്നീടുള്ള കളികളില്‍ ആവര്‍ത്തിക്കാന്‍ ബ്ലാസ്റ്റേഴ്സിനെ ആരാധകരും കൈവിടുകയാണ്. കൊച്ചിയില്‍ 12,772 പേര് മാത്രമാണ് ജംഷഡ്പൂരിനെതിരായ കളികാണാന്‍ എത്തിയത്. അതേസമയം ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായിട്ടും സമനില നേടാനായത് മഞ്ഞപ്പടയ്ക്ക് ഇനിയുള്ള മത്സരത്തില്‍ പ്രതീക്ഷയുണ്ടാക്കി.
സീസണിന്റെ തുടക്കത്തില്‍ എടികെയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങിയപ്പോള്‍ മുപ്പത്തിയാറായിരത്തിലധികം കാണികളാണ് സ്റ്റേഡിയത്തില്‍ നിറഞ്ഞത്. എന്നാല്‍ ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം ഹോം മാച്ച് എത്തിയപ്പോഴേക്കും കാണികളുടെ എണ്ണം പതിമൂവായിരത്തില്‍ താഴെയായി. തുടര്‍പരാജയങ്ങളും സമനിലകളുമാണ് ഗാലറിയെ ദുര്‍ബലമാക്കിയത്. തുടര്‍ച്ചയായ താരങ്ങളുടെ പരുക്ക് ബ്ലാസ്റ്റേഴസിന്റെ കളിയെ ബാധിക്കുകയായിരുന്നു കൂടുതല്‍ മത്സരങ്ങളും സമനിലയിലെത്തുന്നുണ്ടെങ്കിലും വിജയ വഴിയില്‍ എത്തുന്നതില്‍ ടീം പരാജയപ്പെടുകയാതിരുന്നു. ഇന്നലെ ജംഷഡ്പൂരിനെതിരെയുള്ള മത്സരവും സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇരുടീമും രണ്ട് ഗോള്‍ വീതം നേടി. 71-ാം മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ജംഷഡ്പൂരിനെതിരെ മെസി ബൗളി നേടിയ ഇരട്ടഗോളിലാണ് ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തിയത്. ബ്ലാസ്റ്റേഴ്സ് മുന്‍ താരം സി കെ വിനീത് ജംഷഡ്പൂരിനായി ഗോള്‍ നേടി.