TopTop
Begin typing your search above and press return to search.

എന്താണ് കമ്പള? ഇന്ത്യന്‍ ഉസൈന്‍ ബോള്‍ട്ടുമാരെ സൃഷ്ടിക്കുന്ന കര്‍ണ്ണാടകയിലെ നെല്‍പ്പാടങ്ങള്‍

എന്താണ് കമ്പള? ഇന്ത്യന്‍ ഉസൈന്‍ ബോള്‍ട്ടുമാരെ സൃഷ്ടിക്കുന്ന കര്‍ണ്ണാടകയിലെ നെല്‍പ്പാടങ്ങള്‍

കര്‍ണാടകയിലെ കമ്പളപ്പാടങ്ങളാണ് കുറച്ചു ദിവസങ്ങളിലായി ഇന്ത്യന്‍ കായിക ലോകത്തിന്റെ പ്രധാന ചര്‍ച്ചകളിലൊന്ന്. സോഷ്യല്‍ മീഡിയിയിലാണെങ്കില്‍ കമ്പള റേസ് ട്രെന്‍ഡിങിലും ആയി. കര്‍ണാടക മൂഡബദ്രി സ്വദേശി ശ്രീനിവാസ ഗൗഡയാണ് കായിക ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ കമ്പളപ്പാടത്തേക്ക് ക്ഷണിച്ചത്. ഫെബ്രുവരി ഒന്നിന് ദക്ഷിണ കന്നഡയിലെ ഐയ്ക്കള ഗ്രാമത്തില്‍ നടന്ന കമ്പള (പോത്തോട്ടം) മത്സരത്തില്‍ ഗൗഡ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടിയതായിരുന്നു റിപ്പോര്‍ട്ട്. ഐയ്ക്കള ഗ്രാമത്തില്‍ നടന്ന കമ്പള മത്സരത്തില്‍ അദ്ദേഹം പോത്തുകള്‍ക്കൊപ്പം 145 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 13.62 സെക്കന്‍ഡിലായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കാനെടുത്തത് വെറും 9.55 സെക്കന്‍ഡാണെന്നും. 100 മീറ്ററിലെ വേഗരാജാവ് ജമൈക്കയുടെ ലോകറെക്കോഡുകാരന്‍ ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം 9.58 സെക്കന്റ് ആണെന്നിരിക്കെ ഗൗഡയെ സോഷ്യല്‍ മീഡിയ അങ്ങ് ഏറ്റെടുത്തു. ഇപ്പോള്‍ കമ്പള മത്സരത്തില്‍ ബോള്‍ട്ടിനെ വേഗം കൊണ്ട് തോല്‍പ്പിച്ച ശ്രീനിവാസ ഗൗഡയെ മറ്റൊരു കമ്പള ഓട്ടക്കാരന്‍ മറികടന്നെന്ന റിപ്പോര്‍ട്ടു പുറത്തുവന്നു. ഭജഗോലി ജോഗിബെട്ടു സ്വദേശി നിഷാന്ത് ഷെട്ടിയാണ് കമ്പളപ്പാടത്തു നിന്ന് കായികലോകത്തിന്റെ ശ്രദ്ധ നേടിയ മറ്റൊരു താരം. വേനൂരില്‍ നടന്ന സൂര്യ-ചന്ദ്ര ജോഡുകാരെ കമ്പള മത്സരത്തില്‍ 143 മീറ്റര്‍ ദൂരം 13.68 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയ നിഷാന്ത് ഇതില്‍ 100 മീറ്റര്‍ പിന്നിടാനെടുത്തത് വെറും 9.51 സെക്കന്‍ഡുകള്‍ മാത്രമാണ് ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

കര്‍ണാടകയില്‍ കുറെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് കമ്പള മത്സരം. പോത്തുകളെ ഉപശയോഗിച്ചുള്ള കമ്പളക്കെതിരെ ഒരു ഘട്ടത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മൃഗങ്ങളെ ദ്രോഹിക്കുന്ന മത്സരമാണ് കമ്പളയെന്ന് ആരോപിച്ച് മൃഗ സ്‌നേഹികളുടെ സംഘടനയായ പെറ്റ നേരത്തെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സമ്മതിക്കുകയും കായികരംഗത്തെ നിരോധിക്കുകയും ചെയ്തു, ഇത് ജനങ്ങളെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി സംസ്ഥാന സര്‍ക്കാര്‍ മത്സരം നടത്താന്‍ അനുവദിക്കുകയായിരുന്നു.

എന്താണ് കമ്പള?

കര്‍ണാടകയിലെ ഗ്രാമങ്ങളില്‍ പരമ്പരാഗതമായി നടത്തുന്ന ഒരു ആഘോഷമാണ് കമ്പള. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ എല്ലാ വര്‍ഷവും മുടക്കം കൂടാതെ നടത്തുന്ന കമ്പള ഉത്സവത്തിന്റെ ഭാഗമാണ് കമ്പള ഓട്ട മത്സരം. ഇത് സംസ്ഥാനത്തെ കാര്‍ഷിക സമൂഹത്തിനിടയില്‍ ജനപ്രിയവും സവിശേഷവുമായ കായിക വിനോദമാണ്. മംഗലാപുരം ഉള്‍പ്പെടെ ദക്ഷിണ കന്നഡയുടെ മിക്ക ഭാഗങ്ങളിലും ഈ വാര്‍ഷിക പരിപാടി വളരെ ആഘോഷമായി നടത്തുന്നു. കമ്പള ഉത്സവകാലം നവംബറില്‍ ആരംഭിച്ച് മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്നതാണ്.

കമ്പള ഉത്സവത്തിന്റെ ഉത്ഭവം ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ഉത്സവത്തിന്റെ ആദ്യ കാലങ്ങളില്‍ ഇത് കരാഗ ആഘോഷങ്ങള്‍ എന്നറിയപ്പെട്ടിരുന്നു. പിന്നീട് ഇത് കമ്പള ആഘോഷങ്ങള്‍ എന്നറിയപ്പെട്ടു. ഉത്സവത്തിന്റെ ചരിത്രത്തെ കുറിച്ച് വ്യത്യസ്ത വിശ്വാസങ്ങളുണ്ട്. കര്‍ണാടകയിലെ കാര്‍ഷിക സമൂഹത്തില്‍ ഉത്ഭവിച്ച ഒരു ഉത്സവമാണ് കമ്പളയെന്നും ശിവന്റെ അവതാരമായ കദ്രി മഞ്ജുനാഥനാണ് ഉത്സവം സമര്‍പ്പിക്കുന്നതാണ് ഇതെന്നും പറയപ്പെടുന്നു. നല്ല വിളവെടുപ്പിനായി ദൈവങ്ങളെ പ്രസാദിപ്പിക്കുന്നതിനായാണ് ഇത് ആഘോഷിച്ചത്. കാര്‍ഷിക സമൂഹത്തിന്റെ കായിക വിനോദം കൂടിയായിരുന്നു ഇത്. പോത്ത് ഓട്ടമല്‍സരത്തിലെ വിജയിക്ക് ഒരു തെങ്ങും മറ്റു സമ്മാനങ്ങളുമാണ് നല്‍കിയിരുന്നത്.

കമ്പളയുടെ ഉത്ഭവത്തെക്കുറിച്ചുള്ള മറ്റൊരു വിശ്വാസം, രാജകുടുംബത്തിന്റെ വിനോദത്തിനോ ആനന്ദത്തിനോ ഉള്ള ഒരു കായിക ഇനമായിട്ടാണ് ഉത്ഭവിച്ചതെന്നാണ്. എരുമകളെ പരിശീലിപ്പിക്കാനും യുദ്ധത്തില്‍ ഉപയോഗിക്കാനും കഴിയുമോയെന്നറിയാന്‍ ഹൊയ്സാല രാജാക്കന്മാരാണ് ഉത്സവം ആരംഭിച്ചതെന്നാണ് ഐതിഹ്യം. പോത്തുകളുടെ വേഗത കണ്ട് ആശ്ചര്യപ്പെട്ട ഹൊയ്സാല രാജാക്കന്മാര്‍ പരസ്പരം മത്സരിക്കാന്‍ തുടങ്ങി. അതുപോലെ, ഇത് പിന്നീട് ഒരു കായിക ഇനമായി വികസിച്ചു. പിന്നീട് ഈ പ്രദേശത്തെ ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ ഈ പാരമ്പര്യം തുടര്‍ന്നു, ഒടുവില്‍ ഇത് സാധാരണക്കാര്‍ തുടര്‍ന്നു. നൂറ്റാണ്ടുകളായി ഈ ഉത്സവം ജനപ്രീതി വര്‍ദ്ധിപ്പിച്ചു. ഇന്ന് ഉത്സവം വലിയ രിതിയില്‍ സംഘടിപ്പിക്കുകയും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഒരു വലിയ ജനക്കൂട്ടം ഒത്തുകൂടുകയും ചെയ്യുന്നു. സാധാരണയായി രണ്ട് ദിവസത്തെ ആഘോഷമാണ് കമ്പള.

കര്‍ഷകരും അവരുടെ പോത്തുകളെയും പരിചയപ്പെടുത്തുന്ന വിടം ഒരു പരേഡ് നടത്തുന്നതോടെയാണ് കമ്പള ഉത്സവത്തിന് തുടക്കമാകുന്നത്. മത്സരങ്ങളില്‍ ഓരോ ടീമിലും രണ്ട് എരുമകളും എരുമകളെ നിയന്ത്രിക്കുന്ന ഒരു കര്‍ഷകനും ഉള്‍പ്പെടുന്നു. വേഗതയേറിയ ടീമിനെ നിര്‍ണ്ണയിക്കാന്‍ രണ്ട് ടീമുകളെ ഉഴുത് മറിച്ച രണ്ട് നെല്‍പാടങ്ങളിലെ ട്രാക്കുകളിലൂടെ ഓടിക്കുന്നു. സാധാരണയായി 132 മീറ്റര്‍ അല്ലെങ്കില്‍ 142 മീറ്റര്‍ രണ്ട് എരുമകളെ ഒന്നിച്ച് ചേര്‍ത്ത് ഓപ്പം ഓടിക്കുന്നതാണ് മത്സരം.

Next Story

Related Stories