TopTop
Begin typing your search above and press return to search.

വിജയത്തുടക്കം തേടി ബ്ലാസ്റ്റേഴ്‌സ്; സഹലും പ്രശാന്തും ആദ്യ ഇലവനില്‍, എടികെ മോഹന്‍ ബഗാന്‍ കുപ്പായത്തില്‍ ജിങ്കന്‍

വിജയത്തുടക്കം തേടി ബ്ലാസ്റ്റേഴ്‌സ്; സഹലും പ്രശാന്തും ആദ്യ ഇലവനില്‍, എടികെ മോഹന്‍ ബഗാന്‍ കുപ്പായത്തില്‍ ജിങ്കന്‍

ആളും ആരവുമില്ലാതെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിന് ഗോവയില്‍ കൊടിയേറ്റം. വിജയത്തുടക്കം തേടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെതിരെ കളത്തിലിറങ്ങുന്നത്. മലയാളിത്താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, കെ പ്രശാന്ത് എന്നിവരെ ഉള്‍പ്പെടുത്തിയാണ് കോച്ച് കിബു വിക്കൂന പ്ലേയിങ് ഇലവന്‍ തയ്യാറാക്കിയിരിക്കുന്നത്. സമദിന്റെ സാന്നിധ്യം പ്രതീക്ഷിരുന്നെങ്കിലും പ്രശാന്തിന്റെ സാന്നിധ്യം അപ്രതീക്ഷിതമായിരുന്നു.

പ്രതിരോധനിരയില്‍ കോസ്റ്റാ നമോയ്‌നേസുവും ബെക്കാര കോണെയും സെന്റര്‍ ബാക്ക് ജോഡിയാകും. ജെസ്സല്‍ കാര്‍നെയ്‌റോ ലെഫ്റ്റ് ബാക്കായി ഇറങ്ങുമ്പോള്‍ റൈറ്റ് ബാക്കിന്റെ ചുമതലയാണ് പ്രശാന്തിന്. നിഷു കുമാറിന് പകരമാണ് പ്രശാന്ത് ടീമില്‍ ഇടം നേടിയത്.

സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായി സ്പാനിഷ് ജോഡി സെര്‍ജിയോ സിഡോഞ്ചയും വിസെന്റെ ഗോമസും ഇറങ്ങും. യുവതാരങ്ങളായ നോങ്ഡമ്പാ നവോറവും റിത്വിക് ദാസും വിങ്ങര്‍മാരാകും. അറ്റാക്കിങ് മിഡ്ഫീല്‍ഡറെന്ന ഉത്തരവാദിത്തപ്പെട്ട ചുമതലയാണ് സഹലിന്. ഇംഗ്ലീഷ് സൂപ്പര്‍താരം ഗാരി ഹൂപ്പര്‍ ആക്രമണത്തിന് നേതൃത്വം നല്‍കും. അല്‍ബിനോ ഗോമസ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല കാക്കും. സിഡോയാണ് ഇന്ന് ക്യാപ്റ്റന്‍ ആംബാന്‍ഡ് അണിയുക.

മുന്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കന്‍ എടികെ കുപ്പായത്തില്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. അതേസമയം, ഏറെ പ്രതീക്ഷിച്ചിരുന്ന ആസ്‌ട്രേലിയന്‍ മുന്നേറ്റതാരം ഡേവിഡ് വില്യംസ് ആദ്യ ഇലവനിലില്ല.


Next Story

Related Stories