ഐഎസ്എലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് അടുത്ത സീസണില്‍ കൊച്ചിയോടൊപ്പം ഏതാനും മത്സരങ്ങള്‍ കോഴിക്കോട്ടും നടത്തിയേക്കുമെന്ന് റിപോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം അന്താരാഷ്ടനിലവാരത്തില്‍ പുനര്‍നിര്‍മിക്കാനുള്ള സാധ്യതകള്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പരിശോധിക്കും.
കൊച്ചിയില്‍ സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎയുടെയും കോര്‍പ്പറേഷന്റെയും കെഎഫ്എയുടെയും നിസ്സഹകരണം കാരണം ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേക്കുമെന്ന് നേരത്തെ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളം വിട്ടുപോകാന്‍ താത്പര്യമില്ലെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ കാരണം കൊച്ചി വിടേണ്ടിവന്നാല്‍ കോഴിക്കോടിനെ ടീമിന്റെ ഉപഗ്രഹ നഗരമാക്കാനാണ് ബ്ലാസ്റ്റേഴ്സ് അധികൃതരുടെ ആലോചന. കോഴിക്കോട്ടെ ഇ.എം.എസ്. സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ പുനര്‍നിര്‍മിച്ച് ബ്ലാസ്റ്റേഴ്സിന്റെ സാറ്റലൈറ്റ് സ്റ്റേഡിയമാക്കുകയാണ് ലക്ഷ്യം. ഫുട്ബോളിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള മലബാര്‍ മേഖലയിലേക്ക് കളിയെത്തുന്നത് വലിയ ഗുണംചെയ്യുമെന്ന് ടീം കരുതുന്നു. ബ്ലാസ്റ്റേഴ്സ് ടീമിന്റെ സിഇഒ വിരേന്‍ ഡിസില്‍വ ചൊവ്വാഴ്ച കായികമന്ത്രി ഇ.പി. ജയരാജനെ കണ്ടു. 13-ന് ബ്ലാസ്റ്റേഴ്സ്, ജിസിഡിഎ., കേരള ഫുട്ബോള്‍ അസോസിയേഷന് തുടങ്ങിയവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനമായി. എ. പ്രദീപ് കുമാര്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.