TopTop
Begin typing your search above and press return to search.

പകരത്തിന് പകരം: മുംബൈ തട്ടകത്തില്‍ ജയം തേടി ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

പകരത്തിന് പകരം: മുംബൈ തട്ടകത്തില്‍ ജയം തേടി ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം ജയം തേടി കേരള ബ്ലാസ്‌റ്റേഴസ് ഇന്നിറങ്ങും. മുംബൈ സിറ്റിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ഹോം ഗ്രൗണ്ടിലേറ്റ തോല്‍വിക്ക് മുംബൈയില്‍ പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒറ്റഗോളിനായിരുന്നു മുംബൈയുടെ ജയം. മുന്‍നിര താരങ്ങള്‍ക്കേറ്റ പരുക്കില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് ഇതുവരെ കരകയറിയിട്ടില്ല. ആറ് കളിയില്‍ അഞ്ച് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ലീഗില്‍ എട്ടാം സ്ഥാനത്താണ്. മുംബൈ ഏഴാം സ്ഥാനത്തും.

കഴിഞ്ഞ മത്സരത്തില്‍ അവസാനനിമിഷമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയം നഷ്ടമായത്. 90-ാം മിനിറ്റിലാണ് എഫ്.സി. ഗോവ കൊച്ചിയില്‍ കേരള ടീമിനെതിരേ സമനിലപിടിച്ചത്. പരിക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന വെല്ലുവിളി. പ്രതിരോധനിരക്കാരന്‍ ജിയാനി സുയ്വര്‍ലൂണ്‍, മധ്യനിരതാരങ്ങളായ മരിയോ അര്‍ക്വസ്, മുസ്തഫ നിങ് എന്നിവര്‍ മുംബൈയ്ക്കെതിരേ കളിക്കാനുണ്ടാകില്ലെന്നാണ് റിപോര്‍ട്ട്. മുന്നേറ്റത്തില്‍ വിദേശതാരങ്ങളായ ബര്‍ത്തലോമ്യു ഒഗ്‌ബെച്ച-മെസ്സി ബൗളി സഖ്യത്തിലാണ് ടീമിന്റെ പ്രതീക്ഷ. ലീഗില്‍ ആറു കളിയില്‍നിന്ന് അഞ്ചു പോയന്റുള്ള ടീമിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്.

കഴിഞ്ഞസീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ 6-1ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാകും മുംബൈ ഇറങ്ങുന്നത്. അന്ന് നാലുഗോള്‍ നേടിയ മോദു സൗഗു ഇത്തവണയും ടീമിലുണ്ട്. ആക്രമണത്തിന് നാല് വിദേശതാരങ്ങളെയാണ് ടീം ഉപയോഗിക്കുന്നത്. ടുണീഷ്യ താരം ആമിനെ ചെര്‍മിറ്റി ഏക സ്‌ട്രൈക്കറാകുമ്പോള്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ സൗഗു-മുഹമ്മദ് ലാര്‍ബി-ഡീഗോ കാര്‍ലോസ് എന്നിവര്‍ കളിക്കും. ഇന്ത്യന്‍ താരങ്ങളാണ് മുംബൈ പ്രതിരോധത്തില്‍. സാര്‍ഥക് ഗോലൂയ്-പ്രാഥിക് ചൗധരി സഖ്യമാണ് സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിക്കുന്നത്.

ഇന്നലത്തെ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഒഡീഷയെ തോല്‍പിച്ച് ബെംഗലൂരു എഫ്സി പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. മുപ്പത്തിയേഴാം മിനിറ്റില്‍ യുവാനനാണ് ബിഎഫ്സിയുടെ നിര്‍ണായക ഗോള്‍ നേടിയത്. ലീഗില്‍ ഇതുവരെ തോല്‍വി അറിയാത്ത ബെംഗളൂരു ഏഴ് കളിയില്‍ 13 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

Next Story

Related Stories