കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോള്‍ താരങ്ങളില്‍ ഒരാളും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. നാല് വര്‍ഷമായി അര്‍ബുദബാധിതയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം രാവിലെ 11.30ന് കോഴിക്കോട് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദില്‍ നടക്കും. 35 വര്‍ഷമായി ഫുട്ബോള്‍ രംഗത്തുള്ള ഫൗസിയ നടക്കാവ് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായിക പരിശീലകയായിരുന്നു. ഉമ്മയുടെയും സഹോദരിമാരുടെയും കൂടെ വെള്ളിമാട്കുന്നിലെ വീട്ടിലായിരുന്നു താമസം.
കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തു-ബിച്ചിവി ദമ്പതിമാരുടെ ആറുമക്കളില്‍ നാലാമത്തെയാളായിരുന്നു ഫൗസിയ. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍നിന്നാണ് ഫൗസിയ കായികരംഗത്തേക്കെത്തുന്നത്. പിതാവ് കുഞ്ഞിമൊയ്തു പകര്‍ന്നുനല്‍കിയ ധൈര്യമായിരുന്നു ഫൗസിയയുടെ ഊര്‍ജം. നടക്കാവ് സ്കൂളില്‍ പഠിക്കുമ്പോള്‍ ഹാന്‍ഡ്ബാളിലായിരുന്നു കമ്പം. പിന്നീട് പല ഇനങ്ങളിലും മാറ്റുരച്ചു. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാന ചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാന തലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം, ദേശീയ ഗെയിംസ് വനിതാ ഫുട്ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പര്‍ എന്നിങ്ങനെ ഫൗസിയയുടെ വിശേഷണങ്ങള്‍ ഏറെയാണ്. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോള്‍വല കാത്തത് ഫൗസിയയായിരുന്നു. ഫൈനലില്‍ കേരളം ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും പോസ്റ്റിനു കീഴില്‍ ഫൗസിയയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. പിന്നാലെ പരിശീലകയുടെ കുപ്പായത്തിലേക്ക് ഫൗസിയ മാറി.
2002ല്‍ സ്പോര്‍ട് കൗണ്‍സിലിന്റെ ദിവസക്കൂലിക്കുള്ള ഫുട്ബോള്‍ കോച്ചായി. പിന്നീടിത് കരാര്‍ അടിസ്ഥാനത്തിലായി. നടക്കാവ് സര്‍ക്കാര്‍ ഗേള്‍സ് സ്കൂളിലെ കുട്ടികളുടെ കഴിവുകളെ വാര്‍ത്തെടുത്തത് ഫൗസിയായിരുന്നു. 2003ല്‍ കേരള ടീമിലേക്ക് ജില്ലയില്‍ നിന്ന് നാലു പേരെയാണ് ഫൗസിയ നല്‍കിയത്. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചതും അവര്‍ തന്നെ. ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ടി. നിഖില, വൈ.എം ആഷ്ലി ഉള്‍പ്പെടെ ഫൗസിയയുടെ കളരിയിലെ പ്രതിഭകളാണ്. പരിശീലക എന്ന നിലയില്‍ വളരെ പെട്ടെന്ന് ഫൗസിയ പേരെടുത്തു. 2005ല്‍ മണിപ്പുരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയപ്പോള്‍ കേരളത്തിന്റെ കോച്ചും 2006ല്‍ ഒഡിഷയില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായപ്പോള്‍ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയ ആയിരുന്നു.