അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് (ഐ.എ.എ.എഫ്) മുന്‍ പ്രസിഡന്റായിരുന്ന ലാമിൻ ഡിയാക്ക് റഷ്യയുടെ ഉത്തേജകമരുന്നുപയോഗത്തെ മറച്ചുവെച്ച കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇദ്ദേഹത്തിന് രണ്ട് വർഷം തടവും 500,000 യൂറോ നഷ്ടപരിഹാരവും വിധിച്ചു. ഒരു പാരിസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ അഴിമതിയില്‍ പങ്കാളിയായ ഡിയാക്കിന്റെ മകന് പാപ മസ്സാത്ത, ഉപദേശകന് ഹബീബ് സിസ്സെ എന്നിവർക്കും ജയിൽശിക്ഷ വിധിച്ചിട്ടുണ്ട്.
2012ലെ ലണ്ടൻ ലോക ഒളിമ്പിക്സിലാണ് ഉത്തേജകമരുന്നുപയോഗത്തിന് വിലക്ക് നേരിടുന്ന റഷ്യൻ താരങ്ങൾക്ക് മത്സരിക്കാൻ അനുമതി ലഭിച്ചത്. ഇവർക്ക് തൊട്ടടുത്ത കൊല്ലം നടന്ന ലോക ചാമ്പ്യൻഷിപ്പിലും മത്സരിക്കാനായി. ലണ്ടനില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ റഷ്യക്കാരി മരിയ സവിനോവയും മരുന്നടിച്ചത് മറച്ചുവെച്ചാണ് മത്സരിച്ചത്.
റഷ്യന്‍ താരങ്ങളെ രക്ഷിക്കാന്‍ അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ അംഗീകാരമുള്ള മോസ്കോയിലെ ഡോപിങ് പരിശോധനാ കേന്ദ്രത്തെയാണ് ഡിയാക്ക് ഉപയോഗിച്ചത്. ഇതിന് സ്പോട്സ് മന്ത്രാലയത്തിന്റെ എല്ലാ സഹായവുമുണ്ടായിരുന്നു. ഇവിടെ വെച്ച് 1500-ഓളം പരിശോധനാഫലങ്ങള്‍ അട്ടിമറിക്കപ്പെട്ടു. സാമ്പിളുകള്‍ നശിപ്പിക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ടെന്ന് ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഫെഡറേഷനെ അത്ലറ്റിക് രംഗത്തുനിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മോസ്കോ ലാബിന്റെ അംഗീകാരം പിന്നീട് റദ്ദാക്കപ്പെട്ടു.
റഷ്യയിലെ സുരക്ഷാ സേവന വിഭാഗവും അഴിമതിയില്‍ പങ്കാളികളാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. 1999 മുതല്‍ 16 വര്‍ഷം ഡിയാക്ക് ഐ.എ.എ.എഫ്. പ്രസിഡന്റായിരുന്നു.
താരങ്ങളുടെ ഉത്തേജകമരുന്ന് ചരിത്രം മൂടിവെക്കാനായി ഡിയാക്കിന്റെ നേതൃത്വത്തിൽ നടത്തിയ ഈ നീക്കങ്ങൾക്ക് 31 ലക്ഷം യൂറോയാണ് കൊഴ ലഭിച്ചത്. റഷ്യൻ സ്പോട്സ് മന്ത്രി വിറ്റാലി മുത്കോയുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് ഡിയാക്ക് ഈ പദ്ധതികളെല്ലാം നടപ്പാക്കിയത്.
ഇതുകൂടാതെ വേറെയും ആരോപണങ്ങൾ ഡിയാക്കിനെതിരെയുണ്ട്. സെനഗലിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഫണ്ട് ചെയ്യാനായി റഷ്യയിൽ നിന്ന് 15 ലക്ഷം ഡോളർ കൈപ്പറ്റിയെന്ന ആരോപണമാണ് ഇതിൽ പ്രധാനം. ഇതും റഷ്യൻ അത്ലറ്റുകളുടെ ഉത്തേജകമരുന്നുപയോഗം മറച്ചുപിടിച്ചതിന്റെ പ്രതിഫലമായിരുന്നു.