TopTop
Begin typing your search above and press return to search.

പിങ്ക് ടെസ്റ്റിന് കാണികളായെത്തിയത് ബംഗ്ലാദേശിന്റെ സ്‌കോറിനേക്കാളേറെ ഇതിഹാസ താരങ്ങള്‍

പിങ്ക് ടെസ്റ്റിന് കാണികളായെത്തിയത് ബംഗ്ലാദേശിന്റെ സ്‌കോറിനേക്കാളേറെ ഇതിഹാസ താരങ്ങള്‍

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന പിങ്ക് ടെസ്റ്റ് ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കാണാന്‍ വന്‍തിരക്കായിരുന്നു. പിങ്ക് ടെസ്റ്റ് ആഘോഷമാക്കിയ കൊല്‍ക്കത്തക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സ് ഇളക്കിമറിക്കുകയായിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചേര്‍ന്നാണ് ടെസ്റ്റിന് നാന്ദികുറിക്കുന്ന ഈഡന്‍ ബെല്‍ മുഴക്കിയത്.

ബംഗ്ലാദേശ് സ്‌കോര്‍ ചെയ്ത റണ്‍സിനേക്കാള്‍ കൂടുതല്‍ ഇതിഹാസ താരങ്ങള്‍ ഈ ടെസ്റ്റിന്റെ ആദ്യദിവസം എത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ കപില്‍ ദേവ്, കെ ശ്രീകാന്ത്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍, ഹര്‍ഭജന്‍ സിംഗ്, ടെന്നിസ് താരം സാനിയാ മിര്‍സ.. ഇങ്ങനെ നീളുന്നു ഈഡനില്‍ ഇന്നലെയെത്തിയ ഇതിഹാസ താരങ്ങളുടെ നിര. പിങ്ക് ടെസ്റ്റായതിനാല്‍ തന്നെ പിങ്ക് ബ്ലേസര്‍ അണിഞ്ഞാണ് കപില്‍ ദേവ് എത്തിയത്. ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബോര്‍ഡറുള്ള സാരിയായിരുന്നു. കമന്ററി ബോക്‌സിലിരുന്ന ഹര്‍ഭജനും മായന്തി ലൈംഗറും ധരിച്ചിരുന്നതും പിങ്ക് വസ്ത്രം തന്നെ. സാനിയയും പിങ്ക് വസ്ത്രമണിയാന്‍ മറന്നില്ല.

മത്സരത്തിന്റെ ഇടവേളയില്‍ ഗ്രൗണ്ടില്‍ കസേരയിട്ടിരുന്ന് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അനുഭവങ്ങള്‍ പങ്കുവച്ചതും കാണികള്‍ക്ക് പുതുമയായി. സച്ചിന്‍, കുംബ്ലെ, ലക്ഷ്മണ്‍, ഹര്‍ഭജന്‍ എന്നിവരാണ് ഇതില്‍ പങ്കെടുത്തത്. ബിസിസിഐ പ്രസിഡന്റിന്റെ തിരക്ക് മൂലം ഗാംഗുലിക്ക് ഇതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. 1993ലെ ഹീറോ കപ്പ് ഫൈനലില്‍ 12 റണ്‍സ് വഴങ്ങി കുംബ്ലെ നേടി ആറ് വിക്കറ്റിന്റെ മാസ്മരിക പ്രകടനം, 2001ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിലെ ലക്ഷ്മണ്‍-ദ്രാവിഡ് കൂട്ടുകെട്ടിന്റെ 376 റണ്‍സ് പ്രകടനവും ഇവര്‍ ഓര്‍ത്തു.

കളികാണാന്‍ ഏകദേശം അരലക്ഷത്തോളം പേര്‍ എത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. അതേസമയം ബംഗ്ലാ ടീമിന്റെ ഡ്രസിംഗ് റൂമിലേക്കുള്ള ഘോഷയാത്രയാണ് കാണികള്‍ക്ക് കാണേണ്ടി വന്നത്. സന്ദര്‍ശകരുടെ നാല് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ആദ്യ ആറ് ഓവര്‍ പിടിച്ചു നിന്ന ബംഗ്ലാദേശ് പിന്നീട് തകര്‍ന്നടിയുകയായിരുന്നു. പരിക്കേറ്റ് പുറത്തുപോയ ലിറ്റിന്‍ ദാസ്(24), നയീ ഹസന്‍(19) എന്നിവരും ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമും(29) മാത്രമാണ് രണ്ടക്കം കടന്നത്. മുഹമ്മദ് ഷമിയുടെ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ തട്ടിയാണ് ലിറ്റിന്‍ ദാസ്, നയിം എന്നിവര്‍ക്ക് പരിക്കേറ്റത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ക്ക് പകരക്കാരായി കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടുകളായി ഇറങ്ങുകയും ചെയ്തു.

പേസര്‍മാരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 12 വര്‍ഷത്തിന് ശേഷം നാട്ടില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഇഷാന്ത് ശര്‍മ്മയെ കൂടാതെ മൂന്ന് വിക്കറ്റെടുത്ത ഉമേഷ് യാദവ്, രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമി എന്നിവരും ബംഗ്ലാനിരയില്‍ കനത്ത നാശം വിതച്ചു. തന്റെ 96-ാം ടെസ്റ്റ് കളിച്ച രവീന്ദ്ര ജഡേജ ഒരു ഓവര്‍ മാത്രം എറിഞ്ഞപ്പോള്‍ സ്‌പെഷലിസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിന് ബൗളിംഗിന് ഇറങ്ങേണ്ടി പോലും വന്നില്ല.

Next Story

Related Stories