TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു. 82 വയസുണ്ടായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1956 മുതല്‍ 1964 വരെ ഇന്ത്യന്‍ ദേശീയ ടീമിനു വേണ്ടി അമ്പത് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ദേശീയ ടീമിന്റെ നായകനായിരുന്നു ചുനി ഗോസ്വാമി. ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ്്, ഏഷ്യ കപ്പ് മെര്‍ഡേക്ക കപ്പ് എന്നിവയില്‍ ഗോസ്വാമി ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടുണ്ട്.1957 ല്‍ ആയിരുന്നു ചുനി ഗോസ്വാമി തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിക്കുന്നത്. വളരെ വേഗമായിരുന്നു ദേശീയ ടീമിലെ പ്രധാന താരമായി അദ്ദേഹം വളരുന്നത്. 1964 ല്‍ തന്റെ 27 ആമത്തെ വയസില്‍ ചുനി ഗോസ്വാമി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. ടോട്ടന്‍ഹാം ക്ലബ്ബില്‍ നിന്നും ഗോസ്വാമിയെ തേടി ക്ഷണം എത്തിയിരുന്നുവെങ്കിലും അദ്ദേഹമത് നിഷേധിക്കുകയായിരുന്നു. കരിയറില്‍ അദ്ദേഹം മോഹന്‍ ബഗാന് വേണ്ടി മാത്രമായിരുന്നു ക്ലബ് ഫുട്‌ബോള്‍ കളിച്ചത്. എട്ടാം വയസില്‍ മോഹന്‍ ബഗാന്റെ ജൂനിയര്‍ ടീമില്‍ അംഗമായ ഗോസ്വാമി പിന്നീട് 1960 മുതല്‍ 6 വരെ അഞ്ചു സീസണില്‍ മോഹന്‍ ബഗാന്‍ സീനിയര്‍ ടീമിനെ നയിക്കുകയും ചെയ്തു.ഇന്ത്യന്‍ ഫുട്‌ബോളിന്റെ മിന്നുന്ന മുഖമായതുപോലെ ക്രിക്കറ്റിലും തന്റെ പ്രതിഭ തെളിയിച്ച താരമായിരുന്നു ചുനി ഗോസ്വാമി. 1971-72 സീസണില്‍ ബംഗാള്‍ രഞ്ജി ട്രോഫി ടീമിന്റെ നായകനായിരുന്നു. ഫൈനലില്‍ വരെ തന്റെ ടീമിനെ എത്തിക്കാനും ഗോസ്വാമിക്ക് കഴിഞ്ഞെങ്കിലും ബോംബെ ടീമിനോട് ബംഗാള്‍ ടീം പരാജയപ്പെടുകയായിരുന്നു. 1962 മുതല്‍ 1973 വരെ ബംഗാള്‍ ക്രിക്കറ്റ് ടീമിനു വേണ്ടി 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. കൊല്‍ക്കത്ത യൂണിവേസ്റ്റി കോളേജില്‍ ഒരേ വര്‍ഷം തന്നെ ഫുട്‌ബോള്‍ ടീമിന്റെയും ക്രിക്കറ്റ് ടീമിന്റെയും നായകത്വം വഹിച്ചു എന്ന പ്രത്യേകതയും ഗോസ്വാമിക്കുണ്ട്. 1966 ല്‍ ഗാരിസോബേഴ്‌സിന്റെ വിന്‍ഡീസ് ടീമിനെ തോല്‍പ്പിച്ച് കിഴക്കന്‍-മധ്യമേഖല സംയുക്ത ടീം ചരിത്രമെഴുതുമ്പോള്‍ മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി ചുനി ഗോസ്വാമിയും തന്റെ പേര് ആ ചരിത്രത്തിന്റെ ഭാഗമാക്കിയിരുന്നു.


Next Story

Related Stories