Top

ലാലിഗയിലെ മികച്ച സ്‌കോറര്‍; ആറാം തവണയും ഗോള്‍ഡന്‍ ഷൂ നേടി ലയണല്‍ മെസി

ലാലിഗയിലെ മികച്ച സ്‌കോറര്‍; ആറാം തവണയും ഗോള്‍ഡന്‍ ഷൂ നേടി ലയണല്‍ മെസി

യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് സമ്മാനിച്ചു. തുടര്‍ച്ചയായ മൂന്നാം വര്‍ഷം മെസി ഈ നേട്ടത്തിന് അര്‍ഹനായപ്പോള്‍ കരിയറില്‍ ഇത് ആറാം തവണയാണ് മെസി ഗോള്‍ഡണ്‍ ഷൂ സ്വന്തമാക്കുന്നത്.

ലാലിഗയിലെ ഗോള്‍ വേട്ടയാണ് ബാഴ്സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയെ ഗോള്‍ഡണ്‍ ഷൂ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 2018-19 ലാലിഗ സീസണില്‍ 34 കളിയില്‍ മെസി 36 ഗോളുകള്‍ നേടിയിരുന്നു. യൂറോപ്പിലെ ഗോള്‍വേട്ടയില്‍ പി.എസ്.ജിയുടെ കിലിയന്‍ എംബാപ്പെയെ മറികടന്നാണ് മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്. 33 ഗോള്‍ നേടിയ കിലിയന്‍ എംബാപ്പേയാണ് രണ്ടാം സ്ഥാനത്ത്.

ബാഴ്സലോണയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത് മെസിയുടെ മക്കളായ തിയാഗോയും മത്തേയൂവും ചേര്‍ന്നാണ്. ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം നേടുന്ന താരമെന്ന നേട്ടം കഴിഞ്ഞ തവണ തന്നെ മെസി കരസ്ഥമാക്കിയിരുന്നു. നാലു തവണ ഈ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്. നാല് തവണ പുരസ്‌കാരം നേടിയ റൊണാള്‍ഡോയുമായുള്ള വ്യത്യാസം രണ്ടാക്കി മാറ്റിയ മെസി പരിശീലകരോടും സഹതാരങ്ങളോടും കുടുംബത്തോടും നന്ദി പറഞ്ഞു.


Next Story

Related Stories