TopTop
Begin typing your search above and press return to search.

കരിയറിലെ ഏഴാം ടെസ്റ്റ്, രണ്ടാം ഇരട്ട സെഞ്ചുറി; ഇത് മയങ്ക് അഗര്‍വാള്‍ സ്റ്റൈല്‍

കരിയറിലെ ഏഴാം ടെസ്റ്റ്, രണ്ടാം ഇരട്ട സെഞ്ചുറി; ഇത് മയങ്ക് അഗര്‍വാള്‍ സ്റ്റൈല്‍

കരിയറിലെ ഏഴാം ടെസ്റ്റില്‍ തന്റെ രണ്ടാം ഇരട്ട സെഞ്ചുറിയും നേടി മയങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ബാറ്റിംഗിനെ ചുമലിലേറ്റിയപ്പോള്‍ ബംഗ്ലാദേശിനെതിരെ പടുകൂറ്റന്‍ ലീഡിലേക്ക്. ബംഗ്ലാദേശിന്റെ മെഹിദി ഹസന്‍ മിറാസിന്റെ പന്തില്‍ പുറത്താകുമ്പോള്‍ കരിയറിലെ രണ്ടാം ഇരട്ട സെഞ്ചുറിയും മികച്ച വ്യക്തിഗത സ്‌കോറും നേടിയാണ് മയങ്ക് മടങ്ങിയത്. 330 പന്തുകള്‍ നേരിട്ട മയങ്ക് 28 ഫോറുകളും എട്ട് സിക്‌സുകളും ഉള്‍പ്പെടെ 243 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്. മെഹിദി ഹസന്റെ പന്ത് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഡീപ്പ് മിഡ് വിക്കറ്റില്‍ അബു ജായേദിന് ക്യാച്ച് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

2016 ഡിസംബര്‍ 26ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന മൂന്നാം ടെസ്റ്റില്‍ തന്റെ 27-ാം വയസ്സില്‍ അരങ്ങേറിയ മയങ്ക് തന്റെ കന്നി ടെസ്റ്റില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടി തന്റെ പ്രതിഭ തെളിയിച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 76 റണ്‍സ് നേടി ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം മികച്ച ഇന്നിംഗ്‌സ് പടുത്തുയര്‍ത്തി. രണ്ടാം ഇന്നിംഗ്‌സിലും മികച്ച പ്രകടനം തുടര്‍ന്ന മയങ്ക് 42 റണ്‍സ് നേടുകയും ഇന്ത്യയുടെ 137 റണ്‍സ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. അരങ്ങേറി ഒരു വര്‍ഷം പിന്നിടുമ്പോഴും എട്ടാം ടെസ്റ്റില്‍ മാത്രമാണ് മയങ്ക് ഇന്ന് കളിക്കുന്നതെന്ന് കാണുമ്പോള്‍ തന്നെ അദ്ദേഹത്തെ സെലക്ടര്‍മാര്‍ ഇനിയും കാര്യമായി പരിഗണിച്ചിട്ടില്ലെന്ന് മനസിലാക്കാം. എന്നാല്‍ സെലക്ടര്‍മാരുടെ കണ്ണ് തുറപ്പിക്കുന്ന ഇന്നിംഗ്‌സാണ് ഇന്ന് അദ്ദേഹം കാഴ്ചവച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് തന്റെ അഞ്ചാം ടെസ്റ്റില്‍ തന്നെ അദ്ദേഹം തന്റെ ആദ്യ ഇരട്ട സെഞ്ചുറി നേടിയിരുന്നു. അതിന് മുമ്പ് മയങ്കിന്റെ ബാറ്റ് രണ്ട് വട്ടം കൂടി അര്‍ദ്ധ സെഞ്ചുറി നേടുകയും ചെയ്തു. വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തിലാണ് മയങ്ക് ആദ്യ ഇരട്ട സെഞ്ചുറി നേടിയത്. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ മിന്നിത്തിളങ്ങിയ മത്സരത്തില്‍ 371 പന്തില്‍ 23 ഫോറും ആറ് സിക്‌സും നേടിയാണ് മയങ്ക് അഗര്‍വാള്‍ കന്നി ഇരട്ട സെഞ്ചുറി നേടിയത്. ആ മത്സരത്തില്‍ രോഹിത് ശര്‍മ്മയും(176) സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 500 കടന്നു. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിംഗ് 431 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ മയങ്ക് അഗര്‍വാളിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും രോഹിതിന്റെ മറ്റൊരു സെഞ്ചുറി ഇന്ത്യയെ 203 റണ്‍സിന് വിജയിപ്പിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റിലും മയങ്ക് സെഞ്ചുറി നേടിയതോടെ അദ്ദേഹമിനി ടീമില്‍ സ്ഥിര സാന്നിധ്യമാകുമെന്നാണ് കരുതിയിരുന്നത്. 108 റണ്‍സാണ് ഈ മത്സരത്തില്‍ മയങ്ക് നേടിയത്. കോഹ്ലി ആദ്യ ഇന്നിംഗ്‌സില്‍ 254 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മത്സരത്തില്‍ ഇന്ത്യ ഒരു ഇന്നിംഗ്‌സിനും 137 റണ്‍സിനും വിജയിച്ചു. ഒക്ടോബര്‍ 19ന് സൗത്താഫ്രിക്കയ്‌ക്കെതിരായി നടന്ന അവസാന ടെസ്റ്റിലും മയങ്കിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആ പണിക്കുറ്റം തീര്‍ക്കുന്നതായി ഇന്നത്തെ ഇന്നിംഗ്‌സ്.

മയങ്കിനൊപ്പം ചേതേശ്വര്‍ പൂജാരയും(54), അജിന്‍ക്യ റഹാനയും(86), രവീന്ദ്ര ജഡേജയും(60 നോട്ടൗട്ട്) തിളങ്ങിയപ്പോള്‍ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 493 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. നേരത്തെ ഇന്ത്യന്‍ പേസ് കരുത്തില്‍ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് 150 റണ്‍സിന് അവസാനിച്ചിരുന്നു.


Next Story

Related Stories