TopTop
Begin typing your search above and press return to search.

22 വര്‍ഷത്തിന് ശേഷം മേയേഴ്‌സ് സ്വര്‍ണ്ണ കപ്പിനായി ഇന്ന് വീണ്ടും പന്തുരുളും

22 വര്‍ഷത്തിന് ശേഷം മേയേഴ്‌സ് സ്വര്‍ണ്ണ കപ്പിനായി ഇന്ന് വീണ്ടും പന്തുരുളും

22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മേയേഴ്‌സ് കപ്പ് ഫുട്‌ബോളിന് ഇന്ന് മുതല്‍ തുടക്കമാകുകയാണ്. 1997ലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയേഴ്‌സ് കപ്പ് ആരംഭിക്കുന്നത്. എന്നാല്‍ ഉദ്ഘാടന ടൂര്‍ണമെന്റിനപ്പുറത്തേക്ക് ഇത് നീണ്ടില്ല. നീണ്ട 23 വര്‍ഷത്തിന് ശേഷം ഇന്ന് വൈകിട്ട് മേയേഴ്‌സ് ഗോള്‍ഡന്‍ കപ്പിന്റെ വിസില്‍ ഒരിക്കല്‍ ഉയരും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വട്ടിയൂര്‍ക്കാവില്‍ ജയിച്ച് എംഎല്‍എയായ മുന്‍ മേയര്‍ വി കെ പ്രശാന്താണ് മേയേഴ്‌സ് കപ്പിന് പുതുജീവന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ നാല് വരെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനായിരുന്നു കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റിലെ പ്രളയത്തെ തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു.

വി ശിവന്‍കുട്ടി മേയറായിരുന്നപ്പോഴാണ് മേയേഴ്‌സ് കപ്പ് ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഇത് മുടങ്ങി. എസ്ബിടിയായിരുന്നു അന്ന് ചാമ്പ്യന്മാര്‍. കെല്‍ട്രോണിനെ കീഴടങ്ങിയാണ് അന്ന് അവര്‍ കപ്പുയര്‍ത്തിയത്. ഇത്തവണ എസ്ബിഐ കേരളയായാണ് അന്നത്തെ എസ്ബിടി മത്സരിക്കുന്നത്. വെറും മേയേഴ്‌സ് കപ്പ് എന്നല്ല ഇതിനെ വിളിക്കേണ്ടതെന്നും മേയേഴ്‌സ് ഗോള്‍ഡ് കപ്പെന്ന് തന്നെ വിളിക്കണമെന്നും ശിവന്‍കുട്ടി അഴിമുഖത്തോട് പ്രതികരിച്ചു. ഇരുപത് ലക്ഷത്തോളം വില വരുന്ന 25 കിലോ തൂക്കമുള്ള സ്വര്‍ണത്തില്‍ തീര്‍ത്ത എവറോളിംഗ് ട്രോഫിയാണ് വിജയികള്‍ക്കുള്ള സമ്മാനം. കൂടാതെ വിജയികള്‍ക്ക് അമ്പതിനായിരം രൂപയും റണ്ണേഴ്‌സ് അപ്പിന് മുപ്പതിനായിരം രൂപയും സമ്മാനത്തുകയും ലഭിക്കും.

കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിന് നാഴികക്കല്ലായേക്കാമായിരുന്ന ടൂര്‍ണമെന്റ് കോര്‍പ്പറേഷന്റെയും ഫുട്‌ബോള്‍ അസോസിയേഷന്റെയും അനാസ്ഥയുടെ ഫലമായി നിന്ന് പോകുകയായിരുന്നെന്ന് ശിവന്‍കുട്ടി അഴിമുഖം പ്രതിനിധിയോട് പറഞ്ഞു. മികച്ച പരിശീലകരെ ഉപയോഗിച്ച് പരിശീലനം നല്‍കിയാല്‍ മാത്രം ഇവിടെ ഫുട്‌ബോള്‍ വളരില്ലെന്നും അദ്ദേഹം പറയുന്നു. പരിശീലന മത്സരങ്ങളോ സൗഹൃദ മത്സരങ്ങളോ കൊണ്ട് പോലും കാര്യമില്ല. മികച്ച ടൂര്‍ണമെന്റുകളാണ് മികച്ച താരങ്ങള്‍ വളര്‍ന്നുവരുന്നതിന് വഴിവയ്ക്കുക. ഇത് മുന്നില്‍ക്കണ്ടാണ് തന്റെ കാലത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തരമൊരു ടൂര്‍ണമെന്റ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ക്ക് തങ്ങളുടെ സ്ഥാനം സംരക്ഷിക്കുന്നതിന് അപ്പുറത്തേക്ക് യാതൊരു താല്‍പര്യങ്ങളുമില്ലാത്തതിനാലാണ് ടൂര്‍ണമെന്റ് നിന്നുപോയതെന്നും അദ്ദേഹം പറയുന്നു. പിന്നീട് വന്ന കോര്‍പ്പറേഷന്‍ ഭരണസമിതി അതിന് കാരണക്കാരാണ്. എന്നാല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അനാസ്ഥ മൂലം സംസ്ഥാനത്ത് നിന്ന് പോയ എത്രയെത്ര ടൂര്‍ണമെന്റുകളാണ് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. ഇതിനൊരു മാറ്റം വരാനാണ് താന്‍ കൂടി മുന്‍കൈയെടുത്ത് മേയേഴ്‌സ് കപ്പ് പുനരാരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഡിസംബര്‍ നാല് വരെ തുടരും. ഇന്ന് വൈകിട്ട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ കേരള പോലീസ് കരുത്തരായ എ.ജി കേരളയെ നേരിടും. നാല് ഗ്രൂപ്പുകളിലായി പന്ത്രണ്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ മൂന്നിന് പോലീസ് സ്‌റ്റേഡിയത്തില്‍ ഫൈനല്‍. ഫൈനലും സെമിയും ചന്ദ്രശേഖരന്‍ നായര്‍ പോലീസ് സ്‌റ്റേഡിയത്തിലും മറ്റ് മത്സരങ്ങളെല്ലാം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലുമാണ് നടക്കുക. തലസ്ഥാനത്തെ ഏറ്റവും മികച്ച നിലവാരമുള്ള സ്റ്റേഡിയമായ പോലീസ് സ്‌റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടത്താനാണ് കോര്‍പ്പറേഷന്‍ ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ ഒരു മത്സരത്തിന് കാല്‍ലക്ഷം രൂപ വാടക, മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രം മത്സരം തുടങ്ങിയ നിബന്ധനകള്‍ പോലീസ് സ്വീകരിച്ചതോടെ സമീപത്തെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലേക്ക് വേദി മാറ്റുകയായിരുന്നു. ദേശീയ ഗെയിംസിനായി സര്‍ക്കാര്‍ ചെലവില്‍ കോടികള്‍ മുടക്കി നവീകരിച്ച പോലീസ് സ്‌റ്റേഡിയത്തില്‍ കോര്‍പ്പറേഷന് പോലും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ മുഖ്യമന്ത്രി തലത്തില്‍ വരെ പരാതിയുയര്‍ന്നു. അതോടെ സെമിയും ഫൈനലും പോലീസ് സ്‌റ്റേഡിയത്തില്‍ നടത്താന്‍ അനുവദിക്കുകയായിരുന്നു.

ഐഎസ്എല്‍ ക്ലബ്ബുകളായ ചെന്നൈയില്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവയുടെ റിസര്‍വ് ടീമുകളും ഐ ലീഗിലെ ഗോകുലം എഫ്‌സിയുടെ റിസര്‍വ് ടീമും ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. കേരളത്തിന് പുറത്തുള്ള വെസ്റ്റേണ്‍ റെയില്‍വേസ്, എയര്‍ ഇന്ത്യ, ഇന്ത്യന്‍ നേവി, ധന്‍ബാദ് എഫ്എ എന്നിവയും കേരളത്തില്‍ നിന്നുള്ള കേരള പോലീസ്, എ.ജി കേരള, എസ് ബി ഐ കേരള, കെ എസ് ഇ ബി, കോര്‍പ്പറേഷന്റെ സ്വന്തം ടീമായ ടി ഡി എഫ് എ കോര്‍പ്പറേഷന്‍ ഇലവണ്‍ എന്നിവയാണ് മറ്റ് ടീമുകള്‍.

അതേസമയം നേരത്തെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തി ഫിക്ചര്‍ തയ്യാറാക്കിയ പല ടീമുകളെയും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനിലെ രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് അവസാന നിമിഷം പുറത്താക്കിയത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. തലസ്ഥാനത്തെ പ്രമുഖ ഫുട്‌ബോള്‍ ടീമുകളായ കോവളം എഫ്‌സി, ടൈറ്റാനിയം എന്നിവരെയാണ് ഒഴിവാക്കിയത്. ഇവര്‍ക്ക് പകരം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരള ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്നെ ഇല്ലാത്ത ടീമുകളെയും പ്രമുഖ ടീമുകളുടെ രണ്ടാം നിരയെയും ഇറക്കുന്നതും വിവാദമായിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് മുന്‍ സന്തോഷ് ട്രോഫി താരം എബിന്‍ റോസ് പരിശീലിപ്പിക്കുന്ന കോവളം എഫ്‌സി. തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളാണ് ടീമില്‍ ഭൂരിഭാഗവും ഈ വര്‍ഷം കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച കേരളോത്സവത്തിലെ ചാമ്പ്യന്മാരാണ് ഇവര്‍. കഴിഞ്ഞ വര്‍ഷം കേരള പ്രീമിയര്‍ ലീഗില്‍ കളിച്ച കോവളം യുവജനകാര്യ ക്ഷേമ വകുപ്പ് ഈവര്‍ഷം നടത്തിയ ടൂര്‍ണമെന്റില്‍ ജില്ലാ ജേതാക്കളും സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനക്കാരുമാണ്. ഇത്തരത്തില്‍ മികച്ച പ്രകടനം നടത്തിയ ടീമിനെയാണ് യാതൊരു കാരണവും കൂടാതെ അധികൃതര്‍ പുറത്താക്കിയത്. ടൂര്‍ണമെന്റില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് എബിന്‍ പറയുന്നു.


Next Story

Related Stories