ലോകക്രിക്കറ്റിലെ മികച്ച താരങ്ങളാണ് ദമ്പതികളായ മിച്ചല്‍ സ്റ്റാര്‍ക്കും അലിസ്സ ഹീലിയും. ഓസീസ് പുരുഷ ടീം അംഗമായ സ്റ്റാര്‍ക്കും വനിതാ ടീം അംഗമായ ഹീലിയും സ്വന്തം രാജ്യത്തിനായി ലോകകപ്പ് വിജയിക്കുന്ന ആദ്യ ദമ്പതികളെന്ന നേട്ടം സ്വന്തമാക്കിയവരാണ്. ഹീലിയുടെ മത്സരങ്ങള്‍ക്ക് സ്റ്റാര്‍ക്കും സ്റ്റാര്‍ക്കിന്റെ മത്സരങ്ങള്‍ക്ക് ഹീലിയും ഗാലറിയില്‍ എത്തി പരസ്പരം പ്രോത്സാഹിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന വനിതാ ബിഗ് ബാഷ് ടി20 പോരാട്ടത്തില്‍ അതിവേഗ സെഞ്ച്വറി കുറിച്ച അലിസ്സ ഹീലിക്ക് കൈയടിക്കാന്‍ ഭര്‍ത്താവ് സ്റ്റാര്‍ക്കും എത്തിയിരുന്നു. സിഡ്നി സിക്സേഴ്സിനായി മെല്‍ബണ്‍ സ്റ്റാര്‍സ് ടീമിനെതിരെയാണ് ഹീലിയുടെ സൂപ്പര്‍ ഇന്നിംഗ്സ്. മത്സരത്തില്‍ 48 പന്തില്‍ നിന്നാണ് ഹീലി സെഞ്ചുറി നേടിയത്. ആകെ 52 പന്തുകള്‍ നേരിട്ട അലിസ്സ ഹീലി 15 ഫോറുകളും ആറ് സിക്സും സഹിതം 111 റണ്‍സെടുത്തു. നോര്‍ത്ത് സിഡ്നി ഓവലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെതിരായ മത്സരത്തിലായിരുന്നു സിഡ്നി സിക്സേഴ്സിന്റെ താരമായ ഹീലിയുടെ സെഞ്ചുറി പ്രകടനം. ഹീലിയുടെ മികവില്‍ മത്സരത്തില്‍ ഡെക്ക്വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ച് അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാക്കാനും സിഡ്നി സിക്സേഴ്സിനായി. ഹീലി സെഞ്ച്വറി തികയ്ക്കുമ്പോള്‍ പ്രോത്സാഹനവുമായി പവലിയനില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വീഡിയോ വനിതാ ബിഗ് ബാഷ് ലീഗ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കിടുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഇന്ത്യ - ഓസ്ട്രേലിയ വനിതാ ട്വന്റി-20 ലോകകപ്പ് ഫൈനല്‍ കാണാന്‍ സ്റ്റാര്‍ക്ക് എത്തിയതും വാര്‍ത്തയായിരുന്നു. ഹീലിയുടെ മത്സരം കാണാന്‍ പതിനായിരം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചായിരുന്നു സ്റ്റാര്‍ക്ക് അന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത്. മത്സരത്തില്‍ 30 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഹീലി മത്സരത്തിലാകെ 39 പന്തില്‍ 75 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2015-ലാണ് മിച്ചല്‍ സ്റ്റാര്‍ക്കും ഹീലിയും വിവാഹിതരാകുന്നതായി അറിയിച്ചത്. 2016 ഏപ്രിലില്‍ വിവാഹിതരാകുകയും ചെയ്തു.