TopTop
Begin typing your search above and press return to search.

താരങ്ങളുടെ പിന്‍മാറ്റം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തിരിച്ചടിയാകുന്നു

താരങ്ങളുടെ പിന്‍മാറ്റം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തിരിച്ചടിയാകുന്നു

കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാനിരിക്കെ താരങ്ങളുടെ പിന്‍മാറ്റം തിരിച്ചടിയാകുന്നു. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് താരങ്ങള്‍ പരിശീലനത്തില്‍ നിന്നും മറ്റും അകന്നു നില്‍ക്കുന്നത് ടീമുകള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. വിവിധ ക്ലബ്ബുകളിലെ കളിക്കാരില്‍ ചിലര്‍ കൊറോണ വൈറസ് ഭീതിയെ തുടര്‍ന്നാണ് പരിശീലനത്തില്‍നിന്നും മറ്റും അകന്നു നില്‍ക്കുന്നത്. ഇതോടെ മത്സരങ്ങള്‍ ആരംഭിച്ചാലും കളിക്കാരുടെ അസാന്നിധ്യം ടീമുകള്‍ക്ക് തിരിച്ചടിയായേക്കുമെന്ന് മുന്‍ താരവും ഫുട്ബോള്‍ വിദഗ്ധനുമായ ജാമി റെഡ്നാപ്പ് പറയുന്നു.

വാറ്റ്ഫോഡ് താരം ട്രോയ് ഡീനി, ചെല്‍സി താരം എന്‍ഗാളോ കാന്റെ തുടങ്ങിയവര്‍ പരിശീലനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നവരാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കളിയില്‍ നിന്നും മാറുമെന്നും അങ്ങനെ വന്നാല്‍ മത്സരങ്ങള്‍ നീതിയുക്തമാകില്ലെന്നും റെഡ്നാപ്പ് വ്യക്തമാക്കി. മാനേജര്‍മാരുമായി താന്‍ സംസാരിച്ചിരുന്നു. കൂടുതല്‍ കളിക്കാര്‍ വിട്ടുനില്‍ക്കുമെന്നാണ് സൂചന. ഓരോ ക്ലബ്ബിലും ആറോ ഏഴോ കളിക്കാര്‍ മാറി നിന്നാല്‍ മത്സരങ്ങള്‍ പൂര്‍ണതയിലെത്തില്ലെന്നും റെഡ്നാപ്പ് ചൂണ്ടിക്കാട്ടുന്നു.

കളിക്കാര്‍ തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷകൂടി പരിഗണിച്ചാണ് മത്സരങ്ങളില്‍ നിന്നും അകന്നുനില്‍ക്കുന്നത്. കളിക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും വിഷമകരമായ ഘട്ടമാണിത്. കളിക്കാതിരിക്കാനും കളിക്കാനും വയ്യ എന്ന അവസ്ഥയിലാണവര്‍. കോടികളുടെ പ്രതിഫലം പറ്റുന്നതിനാല്‍ ക്ലബ്ബിനോടും ആരാധകരോടും ഉത്തരവാദിത്വം നിറവേറ്റേണ്ടതുണ്ട്. അതേയവസരത്തില്‍ കുടുംബത്തിന്റെ ആരോഗ്യവും പ്രധാനമാണ്. താത്പര്യമുളള കളിക്കാരെ സമ്മര്‍ദ്ദം ചെലുത്തേണ്ടതില്ലെന്നായിരിക്കും മാനേജര്‍മാരുടെ നിലപാട്. കളിക്കാര്‍ കൊറോണ വൈറസ് ഭയത്തോടെ കളിക്കിറങ്ങിയാല്‍ അത് കളിയേയും ബാധിച്ചേക്കും.


Next Story

Related Stories