TopTop
Begin typing your search above and press return to search.

ഐപിഎല്‍ ഇല്ലെങ്കില്‍ ധോണിയുടെ തിരിച്ച് വരവ് എന്താകും?

ഐപിഎല്‍ ഇല്ലെങ്കില്‍ ധോണിയുടെ തിരിച്ച് വരവ് എന്താകും?

ക്രിക്കറ്റില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ ധോണി തിരിച്ചെത്തുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ലോകകപ്പിലെ നിറം മങ്ങിയ പ്രകടനത്തിന് ശേഷം ഐപിഎലിലൂടെ ഫോം വീണ്ടെ ടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു താരം. ലോകകപ്പ് സെമിഫൈനല്‍ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ ഒരു മത്സരം പോലും കളിക്കാതെ പുറത്തു നില്‍ക്കുകയായിരുന്നു താരം.ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ധോണിക്ക് തിരികെ ടി20 ലോകകപ്പ് ടീമിലെത്താം എന്ന് സെലക്ടര്‍മാരും അറിയിച്ചിരുന്നു. എന്നാല്‍ ലോകത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലായതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി പരിശീലനത്തിനായി ഇറങ്ങിയ ധോണി പരിശീലനം നിര്‍ത്തി മടങ്ങിയിരിക്കുകയാണ്. ഒരു പക്ഷെ ഐപിഎല്‍ നടക്കാതെ പോയാല്‍ അത് ഏറ്റവും ബാധിക്കുക മഹേന്ദ്ര സിങ് ധോണിയെ ആയിരിക്കുമെന്നും ആരാധകര്‍ പറയുന്നു. ധോണിക്ക് ഇന്ത്യന്‍ ദേശീയ ടീമില്‍ തിരിച്ചെത്താനുള്ള ഏക പിടിവള്ളി ഐപിഎല്‍ തന്നെ ആയിരുന്നു.

എട്ടു മാസത്തോളമായി ധോണി ക്രിക്കറ്റ് കളിച്ചിട്ട്. ലോകകപ്പിന് ശേഷം സൈനികസേവനത്തിന് വേണ്ടി താരം ക്രിക്കറ്റില്‍ നിന്ന് അവധിയെടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരമ്പരയിലൊന്നും ധോണി കളിച്ചില്ല. ഇതിനിടയില്‍ ധോണിയുമായുള്ള വാര്‍ഷിക കരാറും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഉപേക്ഷിച്ചു. നിലവില്‍ റിഷഭ് പന്താണ് ടീമില്‍ ധോണിക്ക് പകരക്കാരന്‍. പന്തു പ്രതീക്ഷ കാത്തില്ലെങ്കില്‍ കെഎല്‍ രാഹുല്‍ എന്ന ഓപ്ഷനും ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ധോണി എങ്ങനെ ടീമില്‍ തിരിച്ചുകയറും? ഇതിനുള്ള വഴിയാണ് ഐപിഎല്‍. ഐപിഎല്ലില്‍ തിളങ്ങിയാല്‍ ധോണിക്ക് ടീമില്‍ തിരിച്ചെത്താമെന്ന് പരിശീലകന്‍ രവി ശാസ്ത്രിയും പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ ജോഷിയും വ്യക്തമാക്കിക്കഴിഞ്ഞു. പുതിയ സീസണില്‍ പതിവുപോലെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകനാണ് മഹേന്ദ്ര സിങ് ധോണി. സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസിയുടെ പരിശീലന പരിപാടിയില്‍ ധോണി സജീവമായി പങ്കെടുത്തു വരികയായിരുന്നു.

നെറ്റ്സില്‍ തുടരെ സിക്സുകള്‍ പറത്തിയ ധോണി, രണ്ടു കല്‍പ്പിച്ചാണ് വരുന്നതെന്ന സൂചനയും നല്‍കുകയുണ്ടായി. എന്നാല്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നീട്ടിവച്ചതോടെ ധോണിയുടെ മടങ്ങിവരവും അനിശ്ചിതമായി നീളുമെന്ന് ഉറപ്പായി. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും പരിശീലന ക്യാംപുകളും നിര്‍ത്തിവയ്ക്കാന്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സും പരിശീലനം നിര്‍ത്തിവച്ചു. ഇതോടെ ധോണിയുള്‍പ്പെടെ ക്യാംപിലുണ്ടായിരുന്ന താരങ്ങള്‍ നാട്ടിലേക്കു മടങ്ങി. കൊറോണ ഭീതി മുന്‍നിര്‍ത്തി ഏപ്രില്‍ 15 -ലേക്കാണ് ഐപിഎല്‍ തീയതി ബിസിസിഐ നീട്ടിയിരിക്കുന്നത്. ഈ വര്‍ഷം ഐപിഎല്‍ നടക്കുമോയെന്ന കാര്യത്തില്‍ ബിസിസിഐക്ക് ഇപ്പോഴും തീര്‍ച്ചയില്ല. ശനിയാഴ്ച്ച ഫ്രാഞ്ചൈസികളുമായി ബിസിസിഐ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അടഞ്ഞ സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തണമെന്ന പക്ഷമാണ് ഫ്രാഞ്ചൈസികള്‍ക്ക്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലെങ്കില്‍ ഐപിഎല്‍ ഉപേക്ഷിക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാകുമെന്നതും ഉറപ്പാണ്. ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വരികയാണെങ്കില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹന്ദ്രസിങ് ധോണിക്ക് ടീമില്‍ തിരിച്ചെത്താനുള്ള അവസാന പഴുതാണ് അടയുക.

Next Story

Related Stories