TopTop
Begin typing your search above and press return to search.

വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി വിരട്ടിയോ? വൈഡ് വിളിക്കാതെ അമ്പയര്‍, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി വിരട്ടിയോ? വൈഡ് വിളിക്കാതെ അമ്പയര്‍, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഐപിഎല്ലില്‍ ഇന്നലെ നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ അമ്പയറിനെ വരെ നിയന്ത്രിച്ച ധോണിയുടെ പെരുമാറ്റത്തില്‍ വിമര്‍ശനങ്ങളുമായി സോഷ്യല്‍മീഡിയ. മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്റെ ഇന്നിങ്‌സിലെ 19ാം ഓവറിലാണ് സംഭവം. മത്സരത്തിനിടെ വൈഡ് വിളിക്കാനൊരുങ്ങിയശേഷം അമ്പയര്‍ അത് വേണ്ടെന്ന് വെച്ചത് ധോണിയുടെ കണ്ണൂരുട്ടല്‍ കണ്ടാണെന്നാണ് വിമര്‍ശനം.

ഹൈദരാബാദ് ഇന്നിങ്‌സിലെ അവസാന രണ്ട് ഓവറില്‍ അവര്‍ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 27 റണ്‍സായിരുന്നു. ക്രീസില്‍ മൂന്നു പന്തില്‍ 11 റണ്‍സുമായി റാഷിദ് ഖാനും ഒരു പന്തില്‍ നാലു റണ്‍സുമായി ഷഹബാസ് നദീമും. ഇവര്‍ക്കെതിരെ 19ാം ഓവര്‍ എറിയാനെത്തിയത് ഷാര്‍ദുല്‍ താക്കൂറായിരുന്നു. ആദ്യ പന്തില്‍ റാഷിദ് ഖാന്റെ വക ഡബിള്‍. സ്റ്റംപില്‍നിന്ന് മാറ്റിയൊരു യോര്‍ക്കര്‍ പരീക്ഷിച്ച താക്കൂറിന്റെ രണ്ടാം പന്ത് വൈഡായി. മൂന്നാം പന്തിലും സമാനമായ പരീക്ഷണം ആവര്‍ത്തിച്ച താക്കൂര്‍ വക മറ്റൊരു വൈഡ്. ലൈനിനു പുറത്താണന്ന് വ്യക്തമായ പന്തില്‍ വൈഡ് വിളിക്കാനൊരുങ്ങി അംപയര്‍ കൈകള്‍ വിടര്‍ത്തിയതാണ്. എന്നാല്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി ഇതിനെതിരെ വൈഡല്ലെന്ന തരത്തില്‍ പ്രതികരിച്ചതോടെ വൈഡ് വിളിക്കാനൊരുങ്ങിയ അംപയര്‍ മനസ്സു മാറ്റി. ക്രീസില്‍നിന്ന റാഷിദ് ഖാന്‍ വൈഡിനായി അംപയറിന്റെ അടുത്ത് വാദിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഗ്രൗണ്ടിനു പുറത്ത് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെ മുഖത്തും അസംതൃപ്തി പ്രകടമായി. ഇപ്പോള്‍ വൈഡ് വിളിക്കാനൊരുങ്ങിയ അംപയര്‍ പോള്‍ റീഫലിനെ വിക്കറ്റിനു പിന്നില്‍നിന്ന് ധോണി വിരട്ടിയെന്ന തരത്തിലാണ് വിമര്‍ശനം ഉയരുന്നത്. മത്സരത്തില്‍ ഹൈദരാബാദ് ഇന്നിങ്‌സ് എട്ടിന് 147 റണ്‍സെന്ന നിലയില്‍ അവസാനിച്ചു. ചെന്നൈയുടെ വിജയം 20 റണ്‍സിനായിരുന്നു.



Next Story

Related Stories