ലെപ്സിഗിനെതിരെ തകര്‍പ്പന്‍ ജയത്തിലൂടെ ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയ പിഎസ്ജിക്ക് തിരിച്ചടിയായി നെയ്മറുടെ വിലക്ക് ഭീഷണി. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന സെമി ഫൈനലില്‍ പിഎസ്ജിയില്‍ നെയ്മറുടെ പ്രകടനം നിര്‍ണായകമായിരുന്നു. മത്സരത്തില്‍ ടീം വിജയിച്ച ശേഷം എതിര്‍കളിക്കാരനുമായി ഷര്‍ട്ട് കൈമാറ്റം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നെയ്മറെ വിലക്കിയേക്കുമെന്ന റിപോര്‍ട്ടുകള്‍ പുറത്തു വരുത്തുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യുവേഫയുടെ പുതിയ പ്രോട്ടോക്കോള്‍ പ്രകാരം ഒരു മത്സരത്തില്‍ വിലക്കും 12 ദിവസം സ്വയം നിരീക്ഷണത്തിലും കഴിയേണ്ട കുറ്റമാണ് നെയ്മര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നെയ്മറുടെ മികവില്‍ ലെയ്പ്സിഗിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഫ്രഞ്ച് വമ്പന്മാര് വീഴ്ത്തിയത്. മത്സരശേഷം ലെയ്പ്സിഗ് താരം മാഴ്സെല്‍ ഹാല്സ്റ്റെന്ബര്ഗുമായി നെയ്മര്‍ ഷര്‍ട്ട് കൈമാറ്റം ചെയ്തിരുന്നു. യുവേഫയുടെ കൊവിഡ് 19 പ്രോട്ടോക്കോള്‍ പ്രകാരം ഇത് കുറ്റകരമാണ്. ഷര്‍ട്ട് പരസ്പരം കൈമാറ്റം ചെയ്താല്‍ ഒരു മത്സരത്തില്‍ വിലക്കും സ്വയം നിരീക്ഷണവുമാണ് ശിക്ഷയായി നല്‍കേണ്ടത്. അതേസമയം നെയ്മറുടെ പ്രവൃത്തി ഒരു മത്സര വിലക്കിനുള്ള കുറ്റമാണോ എന്നും ഒറ്റപ്പെട്ട സംഭവമായി കാണണമോ എന്ന കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിവേചനാധികാരം പ്രയോഗിക്കാം. നിയമത്തിലെ പഴുതുപയോഗിച്ച് നെയ്മറുടെ വിലക്ക് താക്കീതില്‍ ഒതുക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ലീഗുപോലുള്ള ഒരു ഫൈനലില്‍ സൂപ്പര്‍താരത്തെ വിലക്കില്ലെന്ന പ്രതീക്ഷയിലാണ് പിഎസ്ജി.
ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും നെയ്മറുടെ മികച്ച പ്രകടനമാണ് പിഎസ്ജിക്ക് കരുത്തായത്. സെമിയില്‍ ലെയ്പ്സിഗിനെ നിറഞ്ഞുകളിച്ച നെയ്മറുടെ രണ്ടു ഷോട്ടുകളാണ് പോസ്റ്റിലിടിച്ചത്. ആഞ്ചല്‍ ഡി മരിയയുടെ ഗോളിന് വഴിയൊരുക്കിയതും നെയ്മറാണ്. നെയ്മര്‍ക്ക് വിലക്ക് വരികയാണെങ്കില്‍ ഫൈനലില്‍ പിഎസ്ജിക്ക് അത് കനത്ത തിരിച്ചടിയാകും.