TopTop
Begin typing your search above and press return to search.

വമ്പന്മാരെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; മുംബൈ സിറ്റിക്കെതിരെ ഒറ്റഗോള്‍ ജയം

വമ്പന്മാരെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; മുംബൈ സിറ്റിക്കെതിരെ ഒറ്റഗോള്‍ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലെ രണ്ടാം മത്സരത്തില്‍ വന്‍ താരനിരയുമായെത്തിയ മുംബൈ സിറ്റിയെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ്. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ജയം. മുംബൈ ചുവപ്പു കാര്‍ഡ് കണ്ട മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ ക്വെസി അപീയ നേടിയ ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്.

മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ഓഗ്‌ബെചെ, ഹ്യൂഗോ ബൗമസ്, അഹ്‌മദ് ജാഹു, ലെ ഫോണ്ട്രെ എന്നിങ്ങനെ വമ്പന്‍ താരനിരയുമായാണ് മുംബൈ നോര്‍ത്ത് ഈസ്റ്റിനെതിരെ ഇറങ്ങിയത്. കളിക്കളത്തില്‍ കരുത്ത് പ്രകടമായി. എന്നാല്‍, നോര്‍ത്ത് ഈസ്റ്റിന്റെ ചെറുത്തുനില്‍പ്പിനെ മറികടക്കാന്‍ മുംബൈയ്ക്കു കഴിഞ്ഞില്ല. 43ാം മിനുറ്റിലായിരുന്നു കളിയുടെ ഗതിയാകെ മാറ്റിയ സംഭവം. മോശം ടാക്കിളിങ്ങിന് മുംബൈ താരം ജാഹു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. അതോടെ, നോര്‍ത്ത് ഈസ്റ്റ് പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. എങ്കിലും ഗോള്‍ കണ്ടെത്താനുള്ള ഇരു പക്ഷത്തിന്റെയും ശ്രമങ്ങള്‍ ജയം കണ്ടില്ല. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് മുംബൈയെ ഞെട്ടിച്ചു. 49ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് നോര്‍ത്ത് ഈസ്റ്റ് ഗോളാക്കിയത്. മുംബൈയുടെ റോളിന്‍ ബോര്‍ജസിന്റെ ഹാന്‍ഡ്‌ബോളിന് ലഭിച്ച പെനാല്‍റ്റി എടുത്ത ക്വെസി അപീയയുടെ ഷോട്ട് ലക്ഷ്യം തെറ്റിയില്ല. മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന് ഒരു ഗോള്‍ ലീഡ്. ഗോള്‍ മടക്കാനുള്ള മുംബൈയുടെ ശ്രമങ്ങള്‍ പ്രതിരോധ മതില്‍കെട്ടി തടഞ്ഞുകൊണ്ട് സീസണിലെ ആദ്യം ജയം നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കി. മലയാളി താരം ബ്രിട്ടോ രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിനുവേണ്ടി അരങ്ങേറ്റം നടത്തി.


Next Story

Related Stories