TopTop
Begin typing your search above and press return to search.

വിവാദങ്ങള്‍ ഒഴിയുന്നില്ല; പാക് താരം ഉമര്‍ അക്മലിന് ആജീവനാന്ത വിലക്ക് ലഭിച്ചേക്കും

വിവാദങ്ങള്‍ ഒഴിയുന്നില്ല; പാക് താരം ഉമര്‍ അക്മലിന് ആജീവനാന്ത വിലക്ക് ലഭിച്ചേക്കും

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ലഭിച്ചേക്കും. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ നിയമപ്രകാരമുള്ള കാര്യങ്ങള്‍ ഉമര്‍ തെറ്റിച്ചതായി തെളിഞ്ഞുവെന്നാണ് പിസിബിക്ക് ലഭിച്ച റിപ്പോര്‍ട്ട്. നിലവില്‍ ഒത്തുകളി അടക്കം രണ്ട് കുറ്റങ്ങളാണ് അക്മലിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ മാര്‍ച്ച് 31 വരെ വിശദീകരണം നല്‍കാന്‍ താരത്തിന് സാവകാശമുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ആജീവനാന്ത വിലക്ക് വരെ ലഭിച്ചേക്കും. ക്രിക്കറ്റില്‍ വിവാദങ്ങളുടെ തോഴന്മാരാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ സഹോദരങ്ങളായ ഉമര്‍ അക്മലും കമ്രാന്‍ അക്മലും. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ കമ്രാന്‍ ഏറെ നാളായി പാക് ടീമിന് പുറത്താണ്. സഹോദരന്‍ ഉമര്‍ അക്മല്‍ സമീപകാലത്താണ് ടീമില്‍ എത്തിയെങ്കിലും വീണ്ടും വിവാദം സൃഷ്ടിച്ച് ടീമിന് പുറത്തുപോയി.

നിലവില്‍ അന്വേഷണ വിധേയമായി 2020 ഫെബ്രുവരി 20മുതല്‍ എല്ലാത്തരം ക്രിക്കറ്റ് ആക്റ്റിവിറ്റികളില്‍ നിന്നും ഉമര്‍ അക്മലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. വാതുവെപ്പുകാര്‍ സമീപിച്ച വിവരം ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചില്ലെന്നതാണ് അദ്ദേഹത്തിനെതിരായ പ്രധാന കുറ്റം. വാതുവെപ്പുകാര്‍ സമീപിച്ച വിവരം മറച്ചുവെച്ചാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമപ്രകാരം ആറ് മാസം മുതല്‍ ആജീവനാന്തം വരെ വിലക്ക് ലഭിക്കും. 2018ല്‍ തന്നെ വാതുവെപ്പുകാര്‍ സമീപിച്ച വിവരം അക്മല്‍ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. ലോകകപ്പിനിടെയാണ് താരത്തെ വാതുവെപ്പുകാര്‍ സമീപിച്ചത്.

മോശം പെരുമാറ്റത്തിന്റെ പേരില്‍ പലവട്ടം പിസിബി താരത്തിനെതിരേ നടപടി എടുത്തിട്ടുണ്ട്. 2014ല്‍ ട്രാഫിക്ക് ഉദ്യോഗസ്ഥനുമായി കയര്‍ത്തതിന്റെ പേരില്‍ ഉമറിനെ അറസ്റ്റ് ചെയ്തിരുന്നു. 2017ല്‍ പാകിസ്താന്‍ മുഖ്യ പരിശീലകനായിരുന്ന മിക്കി ആര്‍തറോട് മോശമായി പെരുമാറിയതിന് മൂന്ന് മാസം താരത്തെ വിലക്കിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫിറ്റ്നസ് ട്രെയിനറോട് മോശമായി പെരുമാറിയതിനും ഉമറിനെതിരേ നടപടി സ്വീകരിച്ചിരുന്നു. മധ്യനിര ബാറ്റ്സ്മാനായ ഉമര്‍ വിക്കറ്റ് കീപ്പറായും പാകിസ്താന്‍ ടീമില്‍ കളിച്ചിട്ടുണ്ട്.29കാരനായ ഉമര്‍ 16 ടെസ്റ്റില്‍ നിന്ന് 35.82 ശരാശരിയില്‍ 1003 റണ്‍സും 121 ഏകദിനത്തില്‍ നിന്ന് 34.34 ശരാശരിയില്‍ 3194 റണ്‍സും 84 ടി20യില്‍ നിന്ന് 26 ശരാശരിയില്‍ 1690 റണ്‍സും പാക് ജഴ്സിയില്‍ നേടിയിട്ടുണ്ട്.

Next Story

Related Stories