TopTop
Begin typing your search above and press return to search.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം തിരിച്ചെത്തുന്നു

അഭ്യൂഹങ്ങള്‍ക്ക് വിരാമം; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം തിരിച്ചെത്തുന്നു

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിരയിലെ കരുത്തന്‍ പോള്‍ പോഗ്ബ ടീമിലേക്ക് തിരിച്ചെത്തുകയാണ്. കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്ത് പോയ താരം പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തുമ്പോള്‍ ടീം കൂടുതല്‍ ശക്തമാകും. ഒരാഴ്ചക്കകം പോള്‍ പോഗ്ബ ഫസ്റ്റ് ടീമിനൊപ്പം ചേരുമെന്നും പരിശീലനം ആരംഭിക്കുന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍ ആണ് അറിയിച്ചത്.

പോഗ്ബ പരിക്ക് മാറി എത്തുന്നതോടെ മധ്യനിരയില്‍ ബ്രൂണോ-പോഗ്ബ കൂട്ടുകെട്ട് കരുത്തുള്ളതാകും എന്നത് ഉറപ്പാണ്. ജനുവരിയില്‍ യുണൈറ്റഡില്‍ എത്തിയ പോര്‍ച്ചുഗീസ് താരം ബ്രൂണോ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. പോഗ്ബ കൂടെ എത്തിയാല്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡ് വളരെ കരുത്തുറ്റതായി മാറുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. മാഞ്ചസ്റ്റര്‍ ഡെര്‍ബി കഴിഞ്ഞുള്ള മത്സരത്തില്‍ പോഗ്ബ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മത്സരത്തിനിടെ കാലിനേറ്റ ഗുരുതര പരിക്ക് കാരണമാണ് പോഗ്ബയ്ക്ക് ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത്. പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരികയും ചെയ്തു. എന്നാല്‍ ഈ സമയത്തെല്ലാം ശസ്ത്രക്രിയ നടത്തി വിശ്രമത്തില്‍ ആയിരുന്നു പോഗ്ബ. ഈ സീസണില്‍ ആകെ എട്ടു മത്സരങ്ങള്‍ മാത്രമാണ് പോഗ്ബ യുണൈറ്റഡിന് വേണ്ടി കളിച്ചിച്ചിട്ടുള്ളത്. സീസണില്‍ ഭൂരിഭാഗം മത്സരങ്ങളും പോഗ്ബയ്ക്ക് പരിക്ക് കാരണം നഷ്ടമായിരുന്നു.

ഈ സീസണിന്റെ തുടക്കംമുതല്‍ പോഗ്ബ ക്ലബ്ബ് വിടാന്‍ ശ്രമിക്കുന്നതായും റയല്‍ മഡ്രിഡ് പരിശീലകനായി മടങ്ങിയെത്തിയതു മുതല്‍ സിനദിന്‍ സിദാന്‍ പോഗ്ബയെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായുമുള്ള റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടയില്‍ മുന്‍ ക്ലബ്ബായ യുവന്റസും പോഗ്ബയ്ക്കായി കാര്യമായ ശ്രമം നടത്തിയിരുന്നു. 2016 ലാണ് യുവന്റസില്‍ നിന്നും പോഗ്ബ അഞ്ച് വര്‍ഷത്തെ കരാറില്‍ 105 മില്യണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ എത്തിയത്.

Next Story

Related Stories