Top

ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം; തീരുമാനം എടുക്കേണ്ടത് മോദിയും ഇമ്രാനുമെന്ന് ഗാംഗുലി

ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം; തീരുമാനം എടുക്കേണ്ടത് മോദിയും ഇമ്രാനുമെന്ന് ഗാംഗുലി

ഇന്ത്യ-പാക് ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകളെ കുറിച്ച് തീരുമാനം എടുക്കേണ്ടത് മോദിയും പാക് പ്രധാനമന്ത്രിയുമാണെന്ന് ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി. ഈ വിഷയത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ പുതിയ നീക്കമുണ്ടാവുകയുള്ളുവെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര പുനരാരംഭിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കൊല്‍ക്കത്തയില്‍ സൗരവ് ഗാംഗുലിയുടെ മറുപടി.

നിങ്ങള്‍ ഈ ചോദ്യം ചോദിക്കേണ്ടത് മോദിയോടും, പാക് പ്രധാനമന്ത്രിയോടുമാണെന്നും ഗാംഗുലി പറഞ്ഞു. പാകിസ്ഥാനുമായി ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര ആരംഭിക്കണം എങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം. രാജ്യാന്തര മത്സരങ്ങള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണ്ടതുണ്ട്. അതുകൊണ്ട് പാകിസ്ഥാനെതിരായ പരമ്പരയുടെ കാര്യത്തില്‍ ഇപ്പോള്‍ നമുക്ക് ഒന്നും പറയാനാവില്ല, ഗാംഗുലി വ്യക്തമാക്കി.

ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടത്താന്‍ ഐസിസി ശ്രമം നടത്തുന്നതിനിടെയാണ് ഗാംഗുലിയുടെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മില്‍ 2012ലാണ് അവസാന പരമ്പര നടന്നത്. ഇന്ത്യ വേദിയായ പരമ്പരയില്‍ രണ്ട് ടി20കളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലാണ് അവസാനമായി ഇരു രാജ്യങ്ങളും മൈതാനത്ത് ഏറ്റുമുട്ടിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ലോകകപ്പിന് മുന്‍പ് തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ മത്സരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് ഇന്ത്യ കത്ത് നല്‍കിയിരുന്നു.


Next Story

Related Stories