TopTop
Begin typing your search above and press return to search.

ആരാധകര്‍ക്ക് ആശ്വസിക്കാം; പ്രീമിയര്‍ ലീഗ് ജൂണ്‍ എട്ടിന് പുനരാരംഭിച്ചേക്കും

ആരാധകര്‍ക്ക് ആശ്വസിക്കാം; പ്രീമിയര്‍ ലീഗ് ജൂണ്‍ എട്ടിന് പുനരാരംഭിച്ചേക്കും

കൊവിഡ്-19 ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജൂണ്‍ എട്ടിന് ലീഗ് പുനരാരംഭിക്കാന്‍ സാധിച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച ബ്രിട്ടീഷ് കായിക മന്ത്രാലയം സെക്രട്ടറിയുമായി പ്രീമിയര്‍ ലീഗ് ക്ലബ്ബ് അധികൃതരും ലീഗ് സംഘാടകരും നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകും. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മധ്യത്തോടെയാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്.

പല ക്ലബ്ബുകളും ഇതിനോടകം പരിശീലനം പുനരാരംഭിക്കാന്‍ താരങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ആഴ്സണലും എവര്‍ട്ടനും ടോട്ടനവും താരങ്ങളോട് പരിശീലനം നടത്താന്‍ എത്തിച്ചേരാമെന്ന് അറിയിച്ചു. അതേസമയം ലീഗ് പുനരാരംഭിച്ചാലും അടച്ചിട്ട സ്‌റ്റേഡിയത്തില്‍ തന്നെയാകും മത്സരങ്ങള്‍ നടക്കുക. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്നതിനാലാണ് ഇത്. ലീഗ് സീസണുകള്‍ ഫിനിഷ് ചെയ്യാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടാന്‍ 55 അംഗരാജ്യങ്ങളിലെ അസോസിയേഷനുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ യുവേഫ അഭിപ്രായപ്പെട്ടിരുന്നു.

ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഒലിവര്‍ ഡൗഡന്‍ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. ''ഫുട്ബോളുമായി ബന്ധപ്പെട്ട് വലിയൊരു വിപണി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ജനജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്നതാണത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കേണ്ടതുണ്ട്''

Next Story

Related Stories