TopTop

കാലിക്കറ്റ് സർവകലാശാലയിലെ ലാസ്റ്റ് ഗ്രേഡ്‌ ഉദ്യോഗത്തിൽ നിന്ന് ലോക ചെസിന്റെ അമരത്തേക്ക്; പ്രണാമം, പ്രിയപ്പെട്ട ഉമ്മർകോയ

കാലിക്കറ്റ് സർവകലാശാലയിലെ ലാസ്റ്റ് ഗ്രേഡ്‌ ഉദ്യോഗത്തിൽ നിന്ന് ലോക ചെസിന്റെ അമരത്തേക്ക്; പ്രണാമം, പ്രിയപ്പെട്ട ഉമ്മർകോയ

മുൻ ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡണ്ട് പി.ടി.ഉമ്മർ കോയ (69) പന്നിയങ്ങര വി.കെ.കൃഷ്ണ മേനോൻ റോഡിലെ "നജു റിവേജ് " വസതിയിൽ നിര്യാതനായി.

ലോക ചെസ്സ് ഫെഡറേഷന്‍ (ഫിഡെ) മുന്‍ വൈസ് പ്രസിഡണ്ട് പി.ടി. ഉമ്മര്‍കോയയുടെ നിര്യാണം ഇന്ത്യയുടെ ചെസ്സ് മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ചെസ്സിന് ലോക ചെസ്സ് രംഗത്ത് സ്ഥാനമുണ്ടാക്കുന്നതില്‍ പത്തു വർഷത്തോളം ഫിഡെ വൈസ് പ്രസിഡണ്ടായിരുന്ന ഉമ്മര്‍കോയ വഹിച്ച പങ്ക് പ്രധാനമാണ്. ചെസ്സിനെ ജനകീയമാക്കി എന്നതാണ് അദ്ദേഹത്തിന്‍റെ പ്രധാന സംഭാവന.

ലോക നിലവാരത്തിലുള്ള ധാരാളം താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഉമ്മര്‍കോയയുടെ സംഘടനാ പാടവത്തിന് കഴിഞ്ഞു. ചെസ്സ് കളിക്കാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന് മനസ്സിലായപ്പോഴാണ് കളിക്കാരാനായിരുന്ന ഉമ്മര്‍കോയ സംഘാടന രംഗത്തേക്ക് തിരിഞ്ഞത്. കേരള ചെസ്സിന് ഉണര്‍വും ഊര്‍ജവും നല്‍കുന്നതിലും ഉമ്മര്‍കോയയുടെ പങ്ക് നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പിടി ഉമ്മര്‍ കോയയെ അനുസ്മരിച്ച് മാധ്യമ പ്രവര്‍ത്തകന്‍ സി കെ ശിവാനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.


വലിയൊരു ട്രിബ്യൂട്ട് അർഹിക്കുന്നു പി.ടി.ഉമ്മർകോയ. കാലിക്കറ്റ് സർവകലാശാലയിലെ ലാസ്റ്റ് ഗ്രേഡ്‌ പദവിയിൽ നിന്ന് അദ്ദേഹം ലോക ചെസിന്റെ അമരത്തേക്കുയർന്നത് ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ്. ഏറെ വർഷങ്ങളായി കോഴിക്കോട് പന്നിയങ്കരയിലെ വസതിയിൽ രോഗബാധിതനായി കഴിയുകയായിരുന്നു ലോക ചെസ് സംഘടന (ഫിഡെ) യുടെ ഈ മുൻ വൈസ് പ്രസിഡന്റ്.

ലോകത്തു ചെസ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലും, പ്രത്യേകിച്ച് പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളിലും ഏഷ്യയിലും ഏറെ ബഹുമാനിക്കപ്പെട്ടു ഉമ്മർകോയ. രാജ്യാന്തര താരങ്ങളും ഒഫിഷ്യലുകളും ആരാധന നിറഞ്ഞ ആദരവു കാണിക്കുന്നതു പല രാജ്യാന്തര മൽസര വേദികളിൽ കണ്ടു നിന്നിട്ടുണ്ട്.

രാജ്യാന്തര ആർബിറ്ററായിരുന്ന അദ്ദേഹം ഒട്ടേറെ രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചു. മത്സര നിയന്ത്രണത്തിൽ കടുകിട വ്യതിചലിക്കാത്ത കണിശക്കാരനായിരുന്നു ഉമ്മർകോയ.

ഇന്ത്യൻ ചെസിൽ വലിയൊരു കിടമത്സരത്തിന്റേയും അധികാര മോഹത്തിന്റെയും ഇരയായി കോയ മാറി. പതിറ്റാണ്ടുകൾ ഇന്ത്യൻ ചെസിനെ നിയന്ത്രിച്ച അദ്ദേഹം അവസരം നൽകിയ ചിലർ അദ്ദേഹത്തെ ഒന്നുമല്ലാതാക്കി ചെസിന്റെ നിയന്ത്രണം ഏറ്റെടുത്തു. അതിനു നേതൃത്വം നൽകിയയാൾ പിന്നീട് മറ്റൊരു കായിക ഇനത്തിന്റെ പരമാധികാരിയായതു ചരിത്രം.

എപ്പോഴും പുഞ്ചിരിക്കുന്ന, അതിഥി സൽക്കാരത്തിൽ ആനന്ദം കണ്ടെത്തുന്ന തനി കോഴിക്കോടൻ. സൗഹൃദങ്ങളുടെ സുൽത്താൻ, സംഗീതത്തിൽ, വിശിഷ്യാ ഗസലിൽ വലിയ അറിവും ആസ്വാദന മികവും ഉണ്ടായിരുന്നയാൾ - ഇതും അതിലപ്പുറവുമായിരുന്നു കോയ.

സംഭാഷണങ്ങളിൽ വിശ്വ സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകൾ ഉദ്ധരിക്കുമായിരുന്നു അദ്ദേഹം. വായനയുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന വാക്കുകൾ. വായനകൊണ്ടു മാത്രം ഇംഗ്ലിഷിൽ അസാമാന്യമായ പ്രാവീ ണ്യം നേടി.

എളിമയുടെ പര്യായമായിരുന്നു ഉമ്മർകോയ. മഹാകവി ഉളളൂരിന്റെ വരികൾ അന്വർഥമാക്കിയ ഒരാൾ - ''നമിക്കിലുയരാം ...."

പ്രണാമം, പ്രിയപ്പെട്ട ഉമ്മർകോയ


Next Story

Related Stories