TopTop
Begin typing your search above and press return to search.

സെഞ്ചുറിയും നാലു വിക്കറ്റ് പ്രകടനവും; വീണ്ടും ഞെട്ടിച്ച് സമിത് ദ്രാവിഡ്

സെഞ്ചുറിയും നാലു വിക്കറ്റ് പ്രകടനവും; വീണ്ടും ഞെട്ടിച്ച് സമിത് ദ്രാവിഡ്

സ്‌കൂള്‍ ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം പുറത്തെടുത്ത് കൈയ്യടി വാങ്ങുകയാണ് രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ്. രണ്ടു മാസത്തിനിടെ രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടി ഞെട്ടിച്ച 14-കാരന്‍ സമിത് ഇപ്പോഴിതാ സെഞ്ചുറിയും നാലു വിക്കറ്റുകളുമായി ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. അണ്ടര്‍-14 ബി.ടി.ആര്‍ ഷീല്‍ഡ് ടൂര്‍ണമെന്റില്‍ വിദ്യാശില്‍പ് അക്കാദമി സ്‌കൂളിനെതിരെയായിരുന്നു മല്യ അദിതി ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ താരമായ സമിതിന്റെ പ്രകടനം. മത്സരത്തില്‍ 131 പന്തില്‍ നിന്ന് 24 ബൗണ്ടറികളടക്കം 166 റണ്‍സെടുത്ത സമിതിന്റെ മികവില്‍ മല്യ അദിതി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദ്യാശില്‍പ് അക്കാദമി സ്‌കൂള്‍ 38.5 ഓവറില്‍ 182 റണ്‍സെടുകളകാനെ കഴിഞ്ഞുള്ളു. ബൗളിംഗില്‍ 35 റണ്‍സ് വഴങ്ങി നാലു വിക്കറ്റും സമിത് വീഴ്ത്തി.

ക്രിക്കറ്റില്‍ ദ്രാവിഡ് ക്ഷമയുടെ പര്യായമായിരുന്നെങ്കില്‍ മകന്‍ ബൗളര്‍മാരുടെ പേടിസ്വപ്നമാകുകയാണ്. നേരത്തെ ഇരട്ട സെഞ്ചുറി നേടിയ സമിതിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് കര്‍ണാടകയിലെ മേഖലാ ടൂര്‍ണമെന്റില്‍ ധര്‍വാഡ് സോണിനെതിരേ വൈസ് പ്രസിഡന്റ്സ് ഇലവനുവേണ്ടി 256 പന്തുകളില്‍ നിന്ന് 22 ബൗണ്ടറികളടക്കം സമിത് 201 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറി നേടിയ സമിത് രണ്ടാം ഇന്നിങ്സില്‍ 94 റണ്‍സുമായി പുറത്താകാതെനിന്നു. മത്സരത്തില്‍ മൂന്നു വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ അണ്ടര്‍-14 ബി.ടി.ആര്‍ ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ശ്രീ കുമാരന്‍ സ്‌കൂളിനെതിരായ മത്സരത്തില്‍ സമിതിന്റെ രണ്ടാം ഇരട്ട സെഞ്ചുറിയും പിറന്നു. 146 പന്തുകള്‍ നേരിട്ട സമിത്, 33 ഫോറുകളും ഒരു സിക്സും സഹിതം 204 റണ്‍സെടുത്തിരുന്നു.

Next Story

Related Stories