TopTop
Begin typing your search above and press return to search.

രഞ്ജി ട്രോഫി; സെഞ്ചുറി നേടി ഉത്തപ്പ, കേരളം ശക്തമായ നിലയില്‍

രഞ്ജി ട്രോഫി; സെഞ്ചുറി നേടി ഉത്തപ്പ, കേരളം ശക്തമായ നിലയില്‍

ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം ശക്തമായ നിലയില്‍. സെഞ്ചുറിയുമായി തിളങ്ങിയ റോബിന്‍ ഉത്തപ്പയും മൂന്നു റണ്‍സകലെ സെഞ്ചുറി നഷ്ടമായ പിയ രാഹുലുമാണ് ഒന്നാം ഇന്നിങ്സില്‍ കേരളത്തെ മികച്ച നിലയിലെത്തിച്ചത്. ഉത്തപ്പ തന്റെ 22-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയായിരുന്നു കുറിച്ചത്. 221 പന്ത് നേരിട്ട ഉത്തപ്പ ഏഴ് ഫോറും മൂന്ന് സിക്സും നേടി. ഒന്നാംദിനം കളിയവസാനിക്കുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്തു. 36 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് ക്രീസില്‍. 102 റണ്‍സുമായി റോബിന്‍ ഉത്തപ്പ പുറത്തായതിനു പിന്നാലെ കളി അവസാനിപ്പിക്കുകയായിരുന്നു.

ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാഹുലും സക്സേനയും ഓപ്പണിങ് വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഉത്തപ്പയും രാഹുലും കേരളത്തിനെ മുന്നോട്ട് നയിച്ചു. നവദീപ് സെയ്‌നി, പ്രദീപ് സാങ്വാന്‍ എന്നിവരടങ്ങുന്ന ഡല്‍ഹി ബൗളിങ്ങിനെ ഇരുവരും ശ്രദ്ധയോടെ നേരിട്ടു. 118 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്. സ്‌കോര്‍ 186-ല്‍ നില്‍ക്കെ രാഹുല്‍ (97), വികാസ് മിശ്രയുടെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങി. 174 പന്ത് നേരിട്ട രാഹുല്‍ 11 ഫോറും രണ്ട് സിക്സും നേടി. പിന്നീട് ക്രീസിലെത്തിയ സച്ചിന്‍ ഉത്തപ്പയ്ക്ക് പിന്തുണനല്‍കി. സെഞ്ചുറിയടിച്ചതിന് പിന്നാലെ ഉത്തപ്പ സാങ്വാന്റെ പന്തില്‍ പുറത്തായി.വിദര്‍ഭ, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ആന്ധ്ര, ഹൈദരാബാദ്, ഗുജറാത്ത്, ബംഗാള്‍ എന്നിവരുള്‍പ്പെടുന്ന ശക്തമായ ഗ്രൂപ്പിലാണ് ഇത്തവണ കേരളം.

Next Story

Related Stories