TopTop
Begin typing your search above and press return to search.

ലോകകപ്പില്‍ ധോണിയെ ഏഴാമനായി ഇറക്കിയത്; രവി ശാസ്ത്രി പറയുന്നു

ലോകകപ്പില്‍ ധോണിയെ ഏഴാമനായി ഇറക്കിയത്; രവി ശാസ്ത്രി പറയുന്നു

ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ തോറ്റ് പുറത്തായതിന് ശേഷം തോല്‍വിയുടെ കാരണത്തെ ചൊല്ലി ആരാധകര്‍ക്കിടയിലും മുന്‍ താരങ്ങള്‍ക്കിടയിലും വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. അക്കൂട്ടത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടത് ധോണിയെ ഏഴാമനായി ബാറ്റിംഗിനിറക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനമായിരുന്നു. ഋഷഭ് പന്തിനും ഹര്‍ദ്ദിക് പാണ്ഡ്യക്കും ശേഷമെത്തിയ ധോണി രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും ലക്ഷ്യം നിറവേറ്റാനായില്ല.

തുടക്കത്തിലെ രോഹിത്തിനെയും രാഹുലിനെയും കോഹ്‌ലിയെയും നഷ്ടമായപ്പോള്‍ ധോണിയെ ഇറക്കാതിരുന്നത് തെറ്റായി പോയി എന്നതായിരുന്നു ആരാധകര്‍ പറഞ്ഞത്. അതേസമയം ധോണിയെ ഏഴാമനായി ഇറക്കിയ തീരുമാനം ശരിയായിരുന്നുവെന്ന്് ചാനല്‍ അഭിമുഖത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറയുഞ്ഞു.

ധോണിയെ അഞ്ചാം നമ്പറിലോ മൂന്നാം നമ്പറിലോ ഇറക്കുകയും ധോണി നേരത്തെ പുറത്താവുകയും ചെയ്തിരുന്നെങ്കില്‍ കളി നേരത്തെ അവസാനിച്ചിരുന്നേനെ ശാസ്ത്രി പറഞ്ഞു. ധോണി ഏഴാമനായി ഇറങ്ങിയതുകൊണ്ടാണ് മത്സരം 48-ാം ഓവര്‍ വരെ നീണ്ടത്. ധോണിയുടെ ഏറ്റവും വലയി കരുത്തെന്താണെന്ന് വിമര്‍ശിക്കുന്നവര്‍ തന്നെ പറയട്ടെ. ധോണി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളാണ്. അപ്പോള്‍ പിന്നെ ധോണിയെ എവിടെയാണ് ഇറക്കേണ്ടത്. ടോപ് ഓര്‍ഡറിലാണോ ധോണി കളിക്കേണ്ടത്.

ജഡേജയുടെ ഇന്നിംഗ്‌സാണ് മാറ്റിമറിച്ചത്. അതിമനോഹരമായൊരു ഇന്നിംഗ്‌സായിരുന്നു അത്. അതുവരെ നമ്മള്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എന്നാല്‍ ജഡേജ നമ്മളെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് ബാക്കിയുണ്ടായിരുന്നത് ധോണിയുടെ ഫിനിഷിംഗായിരുന്നു. ഇനി എത്ര പന്തുണ്ടെന്നും എത്ര സിക്‌സറുകള്‍ വേണമെന്നുമെല്ലാം ധോണിയുടെ കമ്പ്യൂട്ടര്‍ തലച്ചോറില്‍ കൃത്യമായി ഫീഡ് ചെയ്തുവെച്ചിട്ടുണ്ട്. അത് കൃത്യമായി നടപ്പാക്കാന്‍ അദ്ദേഹത്തിന് അറിയാം. പക്ഷെ റണ്ണൗട്ടില്‍ നമ്മുടെ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. 18 റണ്‍സിനായിരുന്നു തോല്‍വി. ധോണിക്ക് നേരിടാന്‍ പത്ത് പന്തുകളോളം ബാക്കി ഉണ്ടായിരുന്നു. രണ്ട് സിക്‌സര്‍ വന്നാല്‍ പിന്നെ എട്ടു പന്തില്‍ എട്ടു റണ്‍സാവുമായിരുന്നു. പക്ഷെ അതിന് മുന്നെ ധോണി റണ്ണൗട്ടായി. രവി ശാസ്ത്രി പറഞ്ഞു.


Next Story

Related Stories